തുഷാര്‍ വെള്ളാപ്പള്ളിക്ക് തെലങ്കാന പോലീസ് നോട്ടീസ് നല്‍കി

ആലപ്പുഴ : തെലങ്കാനയിലെ ഭരണകക്ഷി എം എല്‍ എമാര്‍ക്ക് കോഴ നല്‍കി കൂറുമാറ്റം നടത്താന്‍ ശ്രമിച്ചു (ഓപറേഷന്‍ കമല) എന്ന കേസുമായി ബന്ധപ്പെട്ട് ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍ തെലങ്കാന പോലീസ് സംഘം എത്തി. ഈ മാസം 21ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണ സംഘം മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നല്‍കി.

നല്‍ഗൊണ്ട എസ് പി രമ രാജേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചുകുളങ്ങരയിലെത്തിയത്. തുഷാറിന്റെ അസാന്നിധ്യത്തില്‍ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി. കേസ് അന്വേഷിക്കുന്ന തെലങ്കാന പോലീസ് സംഘം കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തില്‍ തമ്പടിച്ച് തിരച്ചില്‍ നടത്തിവരികയാണ്. കേസിലെ പ്രതികളിലൊരാളായ മതപ്രഭാഷകന്‍ രാമചന്ദ്ര ഭാരതിയുമായി അടുത്ത ബന്ധമുള്ള മലയാളിയെ തിരഞ്ഞാണ് തെലുങ്കാന സംഘം കേരളത്തില്‍ തമ്പടിച്ചിരിക്കുന്നത്. ഇദ്ദേഹമാണ് തുഷാറിനെ രാമചന്ദ്ര ഭാരതിക്ക് പരിചയപ്പെടുത്തിയത്.

ഭരണകക്ഷി എം എല്‍ എമാര്‍ക്ക് നൂറ് കോടി വാഗ്ദാനം ചെയ്ത ഒരു സംഘത്തെ തെലങ്കാന പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വാര്‍ത്താ സമ്മേളനം നടത്തിയാണ് തുഷാര്‍ വെള്ളാപ്പള്ളിക്കും ബി ജെ പിക്കുമെതിരെ കോഴ ആരോപണമുയര്‍ത്തിയിരുന്നത്. വീഡിയോ തെളിവും പുറത്തുവിട്ടിരുന്നു. കേന്ദ്ര മന്ത്രി അമിത് ഷായുടെ നോമിനിയായാണ് തുഷാര്‍ പ്രവര്‍ത്തിച്ചതെന്നും തുഷാറിന്റെ നിര്‍ദേശപ്രകാരമാണ് ഇടനിലക്കാര്‍ ടി ആര്‍ എസ് നിയമസഭാംഗങ്ങളെ കൂറുമാറ്റത്തിനായി സമീപിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *