ഗവര്‍ണര്‍ക്കെതിരെ നിലപാട് ആവര്‍ത്തിച്ച് കേരള സര്‍വകലാശാല സെനറ്റ്

തിരുവനന്തപുരം: നിര്‍ണായകമായ യോഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ നിലപാട് ആവര്‍ത്തിച്ച് കേരള സര്‍വകലാശാല സെനറ്റ്.

വൈസ് ചാന്‍സിലര്‍ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് സെനറ്റ് വീണ്ടും പ്രമേയം പാസാക്കി. ഇതുസംബന്ധിച്ച് ഓഗസ്റ്റ് മാസത്തില്‍ പാസാക്കിയ പഴയ പ്രമേയത്തില്‍ ഭേദഗതി വരുത്തി.

ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയ്ക്ക് നിയമപരമായി നിലനില്‍പ്പില്ലെന്നും ഇതിനായുളള നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്നുമാണ് സെനറ്റ് ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചത്. പകരം നിയമപരമായി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണം. കേരള സര്‍വകലാശാല സെനറ്റിലെ 50 ഇടതുപക്ഷ അംഗങ്ങളും ഇത് അംഗീകരിച്ചു. ഏഴുപേര്‍ എതിര്‍ത്തു. പ്രമേയം ചാന്‍സിലര്‍ക്ക് എതിരല്ലെന്നും നോട്ടിഫിക്കേഷന് എതിരാണെന്നുമാണ് സെനറ്റ് അംഗങ്ങളുടെ വാദം. ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റിയെ പിന്‍വലിച്ചാല്‍ മാത്രമേ പ്രതിനിധിയെ സെനറ്റ് നിര്‍ദ്ദേശിക്കൂ. ഇക്കാര്യത്തില്‍ കോടതി പറയും പോലെ കേള്‍ക്കുമെന്നാണ് സെനറ്റ് അംഗങ്ങള്‍ അറിയിച്ചത്.

അതേസമയം സര്‍വകലാശാലകളിലെ എല്ലാ അനധികൃത നടപടികളും താന്‍ ചോദ്യം ചെയ്തതായും ഇതോടെ സമാന്തര സര്‍ക്കാരുണ്ടാക്കിയെന്ന് ആരോപണം ഉയര്‍ന്നതായും ഗവര്‍ണര്‍ മുന്‍പ് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരാണ് യോഗ്യത ഇല്ലാത്തവരെ നിയമിക്കാന്‍ വിസിമാരോട് ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയെ നന്നാക്കാന്‍ തുനിയുന്നവര്‍ അയോഗ്യരായ സ്വന്തം പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അടുത്ത ബന്ധുവിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തില്ലേ.ജനങ്ങള്‍ ജോലിക്കായി അലയുമ്‌ബോളാണ് മന്ത്രിമാര്‍ 50ലേറെ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിച്ച് രണ്ടുവര്‍ഷം കഴിയുമ്‌ബോള്‍ പെന്‍ഷന്‍ നല്‍കുന്നതെന്നും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *