ഹിജാബ്: കര്‍ണ്ണാടക ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി.

ന്യൂഡല്‍ഹി: കര്‍ണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നടപടി ശരിവച്ച കര്‍ണ്ണാടക ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി വിശാല ബെഞ്ചിന് വിട്ട് സുപ്രീം കോടതി.

ഹര്‍ജി പരിഗണിച്ച ബെഞ്ച് അനുകൂലിച്ചും എതിര്‍ത്തും ഭിന്ന വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വിശാല ബെഞ്ചിന് വിട്ടത്. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാന്‍ശു ധൂലിയഎന്നിവരുടെ ബെഞ്ചാണ് ഹര്‍ജികളില്‍ പത്തുദിവസം വാദംകേട്ടത്. ഇതില്‍ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കര്‍ണാടക ഹൈക്കോടതി വിധി ശരിവച്ചപ്പോള്‍ ജസ്റ്റിസ് സുധാന്‍ശു ധൂലിയ ഈ വിധി തള്ളി. ഇതോടെയാണ് കേസ് വിശാലബെഞ്ചിന് വിട്ടത്.

നേരത്തേ കേസിന്റെ വാദത്തില്‍ ഹിജാബ് നിരോധനം വലിയ വിഷയമാക്കിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രചരണം മൂലമാണെന്ന് കര്‍ണ്ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചിരുന്നു.ഹിജാബ് വിലക്ക് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് പഠനത്തിനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു.ഹിജാബ് ധരിക്കുന്നത് വൈവിധ്യത്തിന്റെ ഭാഗമായി കണ്ടുകൂടെയെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത,ജസ്റ്റിസ് സുധാന്‍ശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *