മുത്തലാഖ് ബില്‍ വോട്ടെടുപ്പിലൂടെ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മുത്തലാഖ് ബില്‍ വോട്ടെടുപ്പിലൂടെ ലോക്‌സഭ പാസാക്കി. ബില്ലിനെ അനുകൂലിച്ച് 245 പേരും എതിര്‍ത്ത് 11 പേരും വോട്ടുചെയ്തു. ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസും അണ്ണാ ഡിഎംകെയും എസ്പിയും സഭയില്‍നിന്ന് ഇറങ്ങിപ്പോയി.


ഓര്‍ഡിനന്‍സിനു പകരമായി ഇറക്കിയ ബില്ലാണു പാസാക്കിയത്. പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശം തള്ളി. ബില്‍ സെലക്റ്റ് കമ്മിറ്റിക്കു വിടണമെന്ന ആവശ്യവും അംഗീകരിച്ചില്ല. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ പ്രമേയം സ്പീക്കര്‍ തള്ളി. മുത്തലാഖ് വിഷയത്തില്‍ ലോക്‌സഭയില്‍ ചര്‍ച്ച നടക്കുന്നതിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കോണ്‍ഗ്രസ്, എഐഎംഐഎം, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികള്‍ ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ടു. ബില്ലിന്മേല്‍ ചര്‍ച്ചയാകാമെന്നും മതപരമായ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടരുതെന്നും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കു മറുപടിയുമായി നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. മുത്തലാഖ് ബില്‍ ഏതെങ്കിലുമൊരു മതവിഭാഗത്തിനോ വിശ്വാസത്തിനോ എതിരല്ല. സ്ത്രീകളുടെ അവകാശവും നീതിയുമാണു ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീകളുടെ മാന്യത നിലനിര്‍ത്തുന്നതിനായിട്ടാണു പാര്‍ലമെന്റ് എന്നും നിലകൊള്ളുന്നത്. 22 ഇസ്‌ലാമിക രാജ്യങ്ങള്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. പിന്നെ ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്തിന് എന്തുകൊണ്ടിതു സാധ്യമല്ല

ഇന്ത്യയുടെ പല ഭാഗങ്ങളില്‍ ഇപ്പോഴും മുത്തലാഖ് നടക്കുന്നുണ്ട്. ആരെയും വഞ്ചിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. രാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെയല്ലാതെ വേണം ഇതുനോക്കിക്കാണാനെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നിയമമന്ത്രി സംസാരിക്കുമ്പോള്‍ തുടര്‍ച്ചായി പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. കോണ്‍ഗ്രസ് ചര്‍ച്ചയ്ക്കു തയാറാണെന്ന് അറിയിച്ചതിനാലാണ് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *