ആട്ടോറിക്ഷാ നിരക്ക് പുനഃക്രമീകരിക്കുന്നതിന് ധാരണ

തിരുവനന്തപുരം: ആട്ടോറിക്ഷാ മെക്കാനിക്കല്‍ ഫെയര്‍മീറ്ററും ഇലക്ട്രോണിക് ഫെയര്‍ മീറ്ററും വകുപ്പിന്റെ അനുമതിയോടെ നിരക്ക് പുനഃക്രമീകരിക്കുന്നതിന് 400 രൂപ രസീത് നല്‍കി ഈടാക്കാന്‍ ധാരണയായി.

ആട്ടോറിക്ഷാ ഫെയര്‍ മീറ്റര്‍ നിരക്ക് പരിവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ സംബന്ധിച്ച് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ബി.എസ്. അജിത് കുമാറിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ലൈസന്‍സികളുടെയും ആട്ടോറിക്ഷാ രംഗത്തെ അംഗീകൃത ട്രേഡ് യൂണിയന്‍ നേതാക്കളുടെയും ചര്‍ച്ചയിലാണ് തീരുമാനം. മീറ്ററില്‍ നിരക്ക് പുനഃക്രമീകരിക്കുന്ന ജോലി (സ്പെയര്‍പാര്‍ട്ട്‌സ് സഹിതം) ചെയ്യാന്‍ ലൈസന്‍സികള്‍ക്ക് മാത്രമാണ് അനുമതി. ലൈസന്‍സികളുടെ വര്‍ക്ക്ഷോപ്പില്‍ പുതുക്കിയ റിപ്പയറിംഗ് ചാര്‍ജ് എഴുതിപ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം കൈമനം ക്യാമ്പില്‍ ഓട്ടോ ഫെയര്‍ മീറ്റര്‍ പുനഃപരിശോധന നടത്തുമ്പോള്‍ റോഡ് ടെസ്റ്റിനു ശേഷം ഈയം ഉരുക്കിയൊഴിച്ച് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ത്രെഡഡ് വയറും സ്‌ക്വയര്‍ ലെഡും ഉപയോഗിച്ച് സീല്‍ ചെയ്യുന്നതിന് 80 രൂപ മാത്രമാണ് ലൈസന്‍സികള്‍ ഈടാക്കേണ്ടത്. കമ്പിയും ലെഡും അടക്കമുള്ള തുകയാണിത്.
ലൈസന്‍സില്ലാത്തവര്‍ മീറ്ററുകളുടെ അറ്റകുറ്റപ്പണി നടത്തിയാല്‍ വകുപ്പുതലത്തില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും അസി. കണ്‍ട്രോളര്‍ അറിയിച്ചു. ആട്ടോ ഡ്രൈവര്‍മാര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചു നിയമാനുസൃതമുള്ള കൂലി മാത്രമേ ഈടാക്കാവൂവെന്നും നിര്‍ദ്ദേശിച്ചു. അസി. കണ്‍ട്രോളര്‍ക്ക് പുറമേ, സീനിയര്‍ ഇന്‍സ്പെക്ടര്‍ എം. അബ്ദുല്‍ ഹഫീസ്, വിവിധ യൂണിയനുകളുടെയും ലൈസന്‍സികളുടെയും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *