അയ്യപ്പജ്യോതിക്ക് തുടക്കമായി; വന്‍ ജനപങ്കാളിത്തം

കെ.സി.വിശാഖ്‌


തിരുവനന്തപുരം: ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ തെളിയിക്കുന്ന അയ്യപ്പജ്യോതിക്ക് തുടക്കമായി.
കാസര്‍കോഡ് ഹൊസങ്കഡി അയ്യപ്പക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാരി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേര്‍ന്ന് ദീപം ഏറ്റുവാങ്ങി. തുടര്‍ന്ന് ഹൊസങ്കഡി നഗരത്തില്‍ എത്തിച്ച ശേഷം കര്‍മ്മസമിതി പ്രവര്‍ത്തകര്‍ ദീപം തെളിച്ചു. കളിയിക്കാവിളയില്‍ സുരേഷ് ഗോപി എം.പി, കിളിമാനൂരില്‍ മുന്‍ ഡി.ജി.പി ടി.പി. സെന്‍ കുമാര്‍, തുടങ്ങിയവരും അയ്യപ്പജ്യോതി തെളിയിച്ചു. കളിയിക്കാവിള മുതല്‍ കന്യാകുമാരി വരെ 38 കേന്ദ്രങ്ങളില്‍ ജ്യോതി തെളിയിച്ചു. വിവേകാനന്ദ പാറയിലാണ് അവസാനത്തെ ദീപം തെളിയിച്ചത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ ബി.ജെ.പിയുടെ സമരപ്പന്തലില്‍ എത്തിയവരും അയ്യപ്പജ്യോതിയില്‍ പങ്കാളികളായി. ഒ.രാജഗോപാല്‍ എം.എല്‍.എ ആദ്യ തിരി തെളിയിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള നേതൃത്വം നല്‍കി.

പന്തളത്ത് പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ്മ അയ്യപ്പജ്യോതിയ്ക്ക് നേതൃത്വം നല്‍കി. ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തിന് മുന്നില്‍അയ്യപ്പജ്യോതി തെളിയിക്കാന്‍ പുഷ്പാലങ്കൃതമായ വേദി തയ്യാറാക്കിയിരുന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍ നായര്‍ പെരുന്നയില്‍ ജ്യോതിയ്ക്ക് നേതൃത്വം നല്‍കി. സ്വാമി ചിതാനന്ദപുരി കോഴിക്കോട് അയ്യപ്പജ്യോതിക്ക് നേതൃത്വം നല്‍കി. അങ്കമാലിയില്‍ പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പ്രതിഷേധത്തിനെത്തി. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്‍ അങ്കമാലിയില്‍ ജ്യോതിയ്ക്ക് നേതൃത്വം നല്‍കി. തൃശൂരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല അയ്യപ്പജ്യോതിയ്ക്ക് നേതൃത്വം നല്‍കി.
വൈകിട്ട് ആറുമുതല്‍ ഏഴുവരെ സ്ത്രീപുരുഷന്മാര്‍ റോഡിന്റെ ഇടതുവശത്ത് അണിനിരന്ന് മണ്‍വിളക്കുകള്‍ തെളിയിച്ചു. ബിജെപി, ആര്‍.എസ്.എസ്, എന്‍.എസ്.എസ്, സംഘപരിവാര്‍ എന്നീ സംഘടനകള്‍ക്കൊപ്പം പന്തളം രാജകുടുംബാംഗങ്ങളും അയ്യപ്പജ്യോതിയില്‍ പങ്കെടുത്തു.
നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരില്‍ സര്‍ക്കാര്‍ വനിതാ മതില്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അയ്യപ്പജ്യോതിക്കു തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *