കോര്‍ബെവാക്‌സ് ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസായും ഉപയോഗിക്കാം

ന്യൂഡല്‍ഹി: ബയോളജിക്കല്‍ ഇ നിര്‍മിച്ച കോര്‍ബെവാക്‌സ് എന്ന കൊറോണ പ്രതിരോധ വാക്‌സിന്‍ ഇനി ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസായും ഉപയോഗിക്കാം.

വാക്‌സിന്റെ 10 കോടി ഡോസുകള്‍ കമ്ബനി കേന്ദ്രസര്‍ക്കാരിന് കൈമാറി. ഇനി സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ രീംശി ആപ്ലിക്കേഷന്‍ മുഖേന ബൂസ്റ്റര്‍ ഡോസിനായി കോര്‍ബെവാക്‌സ് ബുക്ക് ചെയ്യാവുന്നതാണ്.

കൊവിഷീല്‍ഡോ കൊവാക്‌സിനോ ഉപയോഗിച്ച ഏതൊരാള്‍ക്കും ബൂസ്റ്റര്‍ ഷോട്ടായി കോര്‍ബെവാക്‌സ് കുത്തിവെപ്പ് സ്വീകരിക്കാം. സ്വകാര്യ വാക്‌സിനേഷന്‍ സെന്ററില്‍ ഒരു ഡോസിന് 250 രൂപയാണ് കോര്‍ബെവാക്‌സിന് ഈടാക്കുക. അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജുകള്‍ ഉള്‍പ്പെടെ 400 രൂപയ്ക്കായിരിക്കും ഉപഭോക്താവിന് ലഭിക്കുക. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോര്‍ബെവാക്‌സ് സ്വീകരിക്കാവുന്നതാണ്.

രണ്ടാമത്തെ ഡോസ് സ്വീകരിച്ച ഏതൊരാള്‍ക്കും ആറ് മാസമോ 26 ആഴ്ചയോ പിന്നിട്ടാല്‍ കോര്‍ബെവാക്‌സ് സ്വീകരിക്കാം.

വാക്‌സിനെടുക്കുന്നവര്‍ക്ക് പനി, തലവേദന, ക്ഷീണം, വയറിളക്കം, ശരീരവേദന, ഓക്കാനം വരിക എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടേക്കാം. വാകിസ്‌നെടുത്തതിന് പിന്നാലെ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഗുരുതരമായാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. 1800 309 0150 എന്ന ടോള്‍ ഫ്രീ നമ്ബറിലേക്കും വിളിക്കാം.

Leave a Reply

Your email address will not be published. Required fields are marked *