ഓണാഘോഷം: ജില്ലയില്‍ വിപുലമായ പരിപാടികളുമായി ഡിറ്റിപിസി

തിരുവനന്തപുരം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക യോഗം കളക്ടറേറ്റില്‍ ചേര്‍ന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒഴിവാക്കിയിരുന്ന ഓണാഘോഷം ഇത്തവണ വിപുലമായി നടത്തും.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ശംഖുമുഖം, ആക്കുളം, വര്‍ക്കല, നെയ്യാര്‍ ഡാം, കോവളം, അരുവിക്കര എന്നിവയ്ക്ക് പുറമെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും ആഘോഷ പരിപാടികള്‍ ഉണ്ടാകും.

പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഡിറ്റിപിസി നേരിട്ടും മറ്റ് വേദികളില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തിലുമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഓരോ വേദിയുമായി ബന്ധപ്പെട്ട എംഎല്‍എമാര്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന പ്രാദേശിക കമ്മിറ്റികള്‍ രൂപീകരിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി നടത്തേണ്ട കലാപരിപാടികളുടെ വിശദവിവരങ്ങള്‍ കമ്മിറ്റികള്‍ ഡിറ്റിപിസിക്ക് കൈമാറും. സെപ്റ്റംബര്‍ 6 മുതല്‍ 12 വരെയാണ് ജില്ലാതല ഓണാഘോഷ പരിപാടികള്‍ നടക്കുക. പ്രാദേശികതലത്തില്‍ കലാ സാംസ്‌കാരിക പരിപാടികളും, വ്യാവസായിക പ്രദര്‍ശന വിപണന മേളകളും സംഘടിപ്പിക്കും.

ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഡി. കെ. മുരളി, ഒ. എസ്. അംബിക, കെ. ആന്‍സലന്‍ എം.എല്‍. എയുടെ പ്രതിനിധി, തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജമീല ശ്രീധരന്‍,ഡി.റ്റി.പി.സി സെക്രട്ടറി ഷാരോണ്‍ വീട്ടില്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *