പ്ലസ്‌വണ്‍ ആദ്യ അലോട്ട്‌മെന്റ് ആഗസ്റ്റ് അഞ്ചിന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്‌വണ്‍ ആദ്യ അലോട്ട്‌മെന്റ് ആഗസ്റ്റ് അഞ്ചിന് തുടങ്ങി പത്തിന് വൈകിട്ട് പൂര്‍ത്തീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

15 മുതല്‍ 17വരെ രണ്ടാംഘട്ട അലോട്ട്‌മെന്റ് നടക്കും. അവസാന അലോട്ട്‌മെന്റ് ആഗസ്റ്റ് 22ന് നടക്കും. ആഗസ്റ്റ് 24ന് പ്രവേശനം പൂര്‍ത്തീകരിക്കും. ഈ മാസം 25ന് ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അധ്യാപക സംഘടനകളുമായി നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്.

ലിംഗസമത്വ യൂണിഫോമിന്റെ കാര്യത്തില്‍ സര്‍ക്കാറിന് നിര്‍ബന്ധ ബുദ്ധിയില്ല. സര്‍ക്കാര്‍ ഒന്നും അടിച്ചേല്‍പ്പിക്കില്ല. നിലവില്‍ നടപ്പാക്കിയ സ്‌കൂളിലൊന്നിലും പരാതി ലഭിച്ചിട്ടില്ല. യൂണിഫോമിന്റെ കാര്യത്തില്‍ അതത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

സകൂളില്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നത് പൂര്‍ണമായും വിലക്കി. കുട്ടികളുടെ ആരോഗ്യം മുന്‍നിര്‍ത്തിയാണ് തീരുമാനം. അമിത ഫോണ്‍ ഉപയോഗം കുട്ടികളില്‍ പെരുമാറ്റ വൈകല്ല്യമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി മൂന്ന് മുതല്‍ ഏഴുവരെ കോഴിക്കോട് നടക്കും. സംസ്ഥാന കായിക മേള തിരുവനന്തപുരത്തും ശാസ്ത്ര മേള എറണാകുളത്തും നടക്കും.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒന്നാംഘട്ടം ഈ വര്‍ഷം പൂര്‍ത്തീകരിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇനി മുതല്‍ വൈസ് പ്രിന്‍സിപ്പല്‍ എന്ന് അറിയിപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *