അതിതീവ്ര മഴ: മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന നാല് ദിവസം അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി മുഴുവന്‍ ജില്ലകളിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ജില്ലാ കലക്ടര്‍മാരുടെയും ചീഫ് സെക്രട്ടറി അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കനത്ത മഴയില്‍ ഇതുവരെ ആറ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാതായിട്ടുണ്ട്. അഞ്ച് വീടുകള്‍ പൂര്‍ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നതായും മുഖ്യമന്ത്രി പറഞ്ഞു. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കും. എന്‍ ഡി ആര്‍ എഫിന്റെ നാല് അധിക സംഘങ്ങള്‍ കൂടി സംസ്ഥാനത്തെത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറക്കും. പോലീസിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കും. എം ആര്‍ അജിത് കുമാറിനെ നോഡല്‍ ഓഫീസറായി നിയോഗിച്ചു.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ജില്ലകളില്‍ ജെ സി ബി, ഹിറ്റാച്ചി സംവിധാനം സജ്ജമാക്കും. വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല. ചെറിയ അണക്കെട്ടുകളില്‍ നിന്ന് റൂള്‍ കര്‍വ് വഴി ജലം ഒഴുക്കിവിടും. പാലങ്ങള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *