ഊന്നുവടി പരാമര്‍ശം: പിണറായിക്ക് മറുപടിയുമായി വി.ഡി.സതീശന്‍

തിരുവനന്തപുരം: ഊന്നുവടി പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

മുഖ്യമന്ത്രിയുടെ ഊന്നുവടി കോണ്‍ഗ്രസിനോ യുഡിഎഫിനോ വേണ്ട. അത് ബിജെപി സര്‍ക്കാര്‍ നല്‍കിയതാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിന് നിവര്‍ന്നുനില്‍ക്കാനുള്ള ഊന്നുവടി എല്‍ഡിഎഫില്‍ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

സില്‍വര്‍ ലൈനിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി ഡി സതീശന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ‘സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രിയ്ക്ക് നിലപാട് മാറ്റമുണ്ട്. എന്തിന് വേണ്ടിയായിരുന്നു ഭൂമി ഏറ്റെടുക്കല്‍. സില്‍വര്‍ ലൈന്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പാക്കാന്‍ യുഡിഎഫ് അനുവദിക്കില്ല. സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടിയത് അഴിമതി ലക്ഷ്യമിട്ടാണ്’- പ്രതിപക്ഷ നേതാവ് പറഞ്ഞു.

യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലമാക്കും എന്ന് പറഞ്ഞതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അസ്വസ്ഥനാകുന്നത് എന്തിനാണെന്ന് വി ഡി സതീശന്‍ ചോദിച്ചു. ‘തങ്ങളുടെ തെറ്റുകള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതിനെ എന്തിനാണ് മുഖ്യമന്ത്രി പരിഹസിക്കുന്നത്. കെ ടി ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയത് ചോദിക്കാന്‍ പോലും മുഖ്യമന്ത്രിയ്ക്ക് സൗകര്യമുണ്ടായില്ല എന്നത് അത്ഭുതകരമാണ്. ജലീല്‍ ലോകായുക്തയെ പരസ്യമായി അധിക്ഷേപിച്ചത് മുഖ്യമന്ത്രി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ അനുവാദത്തോടുകൂടിയാണ് ജലീല്‍ ലോകായുക്തയ്‌ക്കെതിരെ പറഞ്ഞതെന്ന് വ്യക്തമാവുകയാണ്. തങ്ങളുടെ നടപടികള്‍ തീവ്രവലതുപക്ഷത്തിന് അടിസ്ഥാനമായവയല്ല. മോദി ഭരണകൂടമാണ് തീവ്രവലതുപക്ഷ നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന് പിന്നാലെയാണ് സിപിഎമ്മും കേരളസര്‍ക്കാരും പോകുന്നത്. കെ റെയില്‍ ഇതിനുദാഹരണമാണ്’-വി ഡി സതീശന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *