കേരളത്തില്‍ 4459 പേര്‍ക്കുകൂടി കോവിഡ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധന. 4459 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച ഇത് 2993 കേസായിരുന്നു. 1500ഓളം കേസുകളുടെ വര്‍ദ്ധന. ഇന്ന് 15 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കൊവിഡ് കേസുകള്‍. തൊട്ടുപിന്നിലായി തിരുവനന്തപുരം ജില്ലയുമുണ്ട്. 1161കേസുകളാണ് എറണാകുളത്ത്. തിരുവനന്തപുരത്ത് ഇത് 1081 ആണ്.

കോഴിക്കോട് ജില്ലയില്‍ അഞ്ചുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. എറണാകുളം മൂന്ന്, തിരുവനന്തപുരം, കോട്ടയം,ഇടുക്കി ജില്ലകളില്‍ രണ്ട് വീതവും ആലപ്പുഴയില്‍ ഒന്നും മരണം രേഖപ്പെടുത്തി. കൊവിഡ് കണക്കില്‍ മറ്റ് ജില്ലകളില്‍ കോട്ടയം 445, കൊല്ലം 382,പാലക്കാട് 260, ആലപ്പുഴ 242, കോഴിക്കോട് 223, തൃശൂര്‍ 221 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍. വയനാട്ടില്‍ 26ഉം കാസര്‍കോട് 18 കേസുകളുമാണുളളത്.

ഇതിനിടെ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. പൊതുസ്ഥലം, ജനം ഒത്തുചേരുന്ന സ്ഥലങ്ങള്‍, വാഹനയാത്ര, ജോലിസ്ഥലം എന്നിവടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഏപ്രില്‍ 27ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

സ്വകാര്യ വാഹനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. ഇക്കാര്യം ആരും പാലിക്കാത്തതിനാലാണ് നടപടി കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 500 രൂപയാണ് മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് ഈടാക്കിയത്. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

Leave a Reply

Your email address will not be published. Required fields are marked *