മുന്‍മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ടി ശിവദാസ മേനോന്‍ അന്തരിച്ചു

കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ ടി ശിവദാസ മേനോന്‍ (90) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകുകയും രാവിലെ 11.30ഓടെ മരണപ്പെടുകയുമായിരുന്നു.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ അദ്ദേഹം സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. മൂന്ന് തവണ മലമ്പുഴയില്‍ നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം ഇടത് മുന്നണി മന്ത്രിസഭയില്‍ വിദ്യാഭ്യാസം, ധനകാര്യം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. 2001ല്‍ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചു.

എ കെ ജി സെന്റര്‍ കേന്ദ്രീകരിച്ച് ദീര്‍ഘകാലം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. പൊതുയോഗങ്ങളില്‍ പ്രവര്‍ത്തകരെ ഇളക്കിമറിച്ച നേതാവായിരുന്നു. മാഷ് എന്ന് പ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹം കമ്മ്യൂണിസ്റ്റ് കാര്‍ക്കശം പുലര്‍ത്തിയിരുന്ന നേതാക്കളില്‍ ഒരാളുമായിരുന്നു. 1987ലേയും 1996ലേയും നായനായര്‍ മന്ത്രിസഭകളിലായിരുന്നു അദ്ദേഹം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത്.

പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹത്തോട് ചേര്‍ന്ന് നിന്ന് എ കെ ജി സെന്ററില്‍ പ്രവര്‍ത്തിച്ചരുന്നു. പാര്‍ട്ടി വിഭാഗീയ കാലത്ത് സെക്രട്ടേറിയറ്റിലെ വി എസ് അച്ചുതാനന്ദിന്റെ കടുത്ത വിമര്‍ശകരില്‍ ഒരാളായിരുന്നു. മലബാറിലെ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് വലിയ സംഭാവന നനല്‍കിയ വ്യക്തിയാണ്. ദീര്‍ഘകാലം സി പി എം പാലക്കാട് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

അധ്യാപക മേഖലയില്‍ നിന്നാണ് രാഷ്ട്രീയത്തിലെത്തിയത്. സംസ്ഥാനത്ത് അധ്യാപക യൂണിയന്‍ സംഘടിപ്പിക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചു. മികച്ച അധ്യാപകന്‍കൂടിയായ അദ്ദേഹം പ്രവര്‍ത്തകരെ സംഘടനാ തത്വങ്ങളും കമ്മ്യൂണിസ്റ്റ് ആശയങ്ങളും പഠിപ്പിക്കുന്നതിനും മുന്നിലുണ്ടായിരുന്നു.

മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കള്‍: ലക്ഷ്മീദേവി, കല്യാണി. മരുമക്കള്‍: അഡ്വ. ശ്രീധരന്‍, സി കെ കരുണാകരന്‍. സഹോദരന്‍: പരേതനായ കുമാരമേനോന്‍. ഏറെ നാളായി മഞ്ചേരിയില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം.

Leave a Reply

Your email address will not be published. Required fields are marked *