ആകാശ് അംബാനി റിലയന്‍സ് ജിയോ ചെയര്‍മാന്‍

മുംബൈ: റിലയന്‍സ് ജിയോ ചെയര്‍മാനായിരുന്ന 65 കാരന്‍ മുകേഷ് അംബാനി സ്ഥാനം രാജിവെച്ചു. മകന്‍ 30കാരനായ ആകാശ് അംബാനിയാണ് പുതിയ ചെയര്‍മാന്‍. ആകാശ് അംബാനിയെ ചെയര്‍മാനാക്കിയ തീരുമാനം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി (എംഡി) പങ്കജ് മോഹന്‍ പവാറും ചുമതലയേല്‍ക്കും.

ജൂണ്‍ 27ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കമ്പനിയുടെ അഡീഷണല്‍ ഡയറക്ടര്‍മാരായി രമീന്ദര്‍ സിംഗ് ഗുജ്‌റാള്‍, കെവി ചൗധരി എന്നിവരെ നിയമിക്കുന്നതിനും ബോര്‍ഡ് അംഗീകാരം നല്‍കി. ഈ നിയമനം 2022 ജൂണ്‍ 27 മുതല്‍ 5 വര്‍ഷത്തേക്കാണ്.

മുകേഷ് അംബാനിയുടെ മൂത്ത മകനാണ് ആകാശ്. നോണ്‍ എക്‌സിക്യുട്ടീവ് ഡയറകടറായി കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആകാശ് നിര്‍ണായക ഇടപെടലുകള്‍ ജിയോയില്‍ നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം സ്ഥാനം രാജി വയ്ക്കുന്നതിനെക്കുറിച്ച് മുകേഷ് അംബാനി സൂചന നല്‍കിയിരുന്നു.

2021 ഡിസംബര്‍ 28 ന് ധീരുഭായ് അംബാനിയുടെ ജന്മദിനത്തിലാണ് മുകേഷ് അംബാനി രാജി തലമുറ മാറ്റത്തിന്റെ സൂചന നല്‍കിയത്. യുവതലമുറ നേതൃത്വം വഹിക്കാന്‍ തയ്യാറാണെന്നും ആ പ്രക്രിയ വേഗത്തിലാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. റിലയന്‍സിനോടുള്ള കുട്ടികളുടെ അഭിനിവേശവും പ്രതിബദ്ധതയും അര്‍പ്പണബോധവും തനിക്ക് ദിവസവും കാണാനും അനുഭവിക്കാനും കഴിയുന്നുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞിരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അടിത്തറ പാകിയത് ധീരുഭായ് അംബാനിയാണ്. 1933 ഡിസംബര്‍ 28ന് സൗരാഷ്ട്രയിലെ ജുനഗഡ് ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. ധീരജ്‌ലാല്‍ ഹിരാചന്ദ് അംബാനി എന്നാണ് ധീരുഭായിയുടെ മുഴുവന്‍ പേര്. ബിസിനസ്സ് ലോകത്തേക്ക് കടക്കുമ്പോള്‍ അദ്ദേഹത്തിന് പൂര്‍വ്വിക സ്വത്തോ ബാങ്ക് ബാലന്‍സോ ഇല്ലായിരുന്നു.

1955ല്‍ കോകിലാബെന്നിനെ ധീരുഭായി വിവാഹം കഴിച്ചു. മുകേഷ്അനില്‍ രണ്ട് ആണ്‍മക്കളും ദീപ്തി, നീന എന്നീ രണ്ട് പെണ്‍മക്കളുമുണ്ട്. 2002 ജൂലൈ 6ന് ധീരുഭായിയുടെ മരണശേഷം, അദ്ദേഹത്തിന്റെ സ്വത്ത് വിതരണത്തില്‍ ഭാര്യ കോകിലാബെന്‍ ഒരു പ്രധാന പങ്ക് വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *