രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പ്രതിപക്ഷനേതാവ്‌

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ എസ്.എഫ്.ഐ ആക്രമണത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ ഗുണ്ടകള്‍ അടിച്ചുതകര്‍ത്തതെന്ന് വി.ഡി. സതശീന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. പൊലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിക്ക് എതിരെ ഉയര്‍ന്ന നാണംകെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കേരളത്തില്‍ വീണ്ടും കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും വി.ഡി. സതീശന്‍ ആരോപിച്ചു.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം ബഫര്‍ സോണ്‍ ആക്കണമെന്ന് 2019 ഒക്ടോബര്‍ 23ന് സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയുണ്ട്. ബഫര്‍ സോണിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എസ്.എഫ്.ഐക്കാര്‍ സമരം നടത്തേണ്ടത് പിണറായി വിജയന്റെ ഓഫീസിലേക്കാണ്. ബഫര്‍ സോണ്‍ വിഷയത്തില്‍ കുറ്റവാളികളായി നില്‍ക്കുന്ന മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിസഭയുമാണ്. രാഹുല്‍ ഗാന്ധിയെ ശക്തമായി എതിര്‍ക്കുന്നുവെന്ന് സംഘപരിവാറിനെ ബോദ്ധ്യപ്പെടുത്താനാണ് ഈ ആക്രമണത്തിലൂടെ സി.പി.എം ലക്ഷ്യമിട്ടതെന്നും സതീശന്‍ പറഞ്ഞു.

സംഘപരിവാറിന്റെ രാഷ്ട്രീയവും സി.പി.എം രാഷ്ട്രീയവും തമ്മിലുള്ള അകലം കുറഞ്ഞ് വരികയാണ്. സര്‍ക്കാരിന്റെ ഒത്താശയോടെ സി.പി.എമ്മും ക്രിമിനല്‍ സംഘങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കുമെതിരെ നടത്തുന്ന അക്രമത്തെയും ഗുണ്ടായിസത്തെയും പ്രതിരോധിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *