പരിസ്ഥിതി ലോല മേഖല: സുപ്രിംകോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍ :സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമെന്ന സുപ്രിംകോടതി ഉത്തരവിനെതിരെ അനുകൂല നിലപാടിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.വനാതിര്‍ത്തിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയെ പരിസ്ഥിതി ലോല പ്രദേശമാക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. സുപ്രീം കോടതിയുടെ വനവല്‍ക്കരണത്തിന് അനുകൂലമായ തീരുമാനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നു. ഇതിനായി നേരത്തെ തന്നെ ഒരു പാട് കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. പരിസ്ഥിതി ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന രീതി കേരളത്തില്‍ കാണുന്നു, അത് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വൃക്ഷ സമൃദ്ധി പദ്ധതി പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *