ബി.എസ്.എഫുമായുള്ള ഏറ്റുമുട്ടലില്‍ ഒരു കള്ളക്കടത്തുകാരന്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ ഇന്ത്യയ്ക്കും ബംഗ്ലദേശിനും ഇടയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം ബിഎസ്എഫ് ഭടന്‍മാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു കള്ളക്കടത്തുകാരന്‍ കൊല്ലപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ 141 ബറ്റാലിയനിലെ ബോര്‍ഡര്‍ ഔട്ട് പോസ്റ്റ് സാഗര്‍പാറ പ്രദേശത്താണ് സംഭവം നടന്നത്. അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറിയ ഒരു സംഘം കള്ളക്കടത്തുകാര്‍ തടയാന്‍ ശ്രമിച്ച ബി എസ് എഫ് ഭടന്‍മാരെ ആക്രമിക്കുകയായിരുന്നു. കല്ലും മൂര്‍ച്ചയേറിയ ആയുധവുമായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്നത്.

ബിഎസ്എഫിന്റെ രഹസ്യന്വേഷണ വിഭാഗത്തില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പെട്രോളിംഗ് സംഘം അതിര്‍ത്തി നിരീക്ഷണം ശക്തമാക്കിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ പ്രദേശത്ത് കള്ളക്കടത്തുകാരുടെ നീക്കം മനസിലാക്കിയ സൈനികര്‍ അവരെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ കല്ലും, ആയുധങ്ങളുമായി സൈനികരെ ആക്രമിക്കാന്‍ കള്ളക്കടത്ത് സംഘം തീരുമാനിച്ചതോടെ സൈന്യം വെടിവയ്ക്കുകയായിരുന്നു. വെടിവയ്പ്പില്‍ നുഴഞ്ഞ് കയറ്റക്കാരില്‍ ഒരാളെ വധിച്ചു. ഇതോടെ ബാക്കിയുള്ളവര്‍ കടന്നു കളഞ്ഞു. സ്ഥലത്ത് പരിശോധന നടത്തിയ സൈന്യം ഫെന്‍സഡൈലിന്റെ 532 കുപ്പികള്‍ കണ്ടെടുത്തു. മുര്‍ഷിദാബാദ് സ്വദേശിയായ റോഹില്‍ മണ്ഡലാണ് മരിച്ച കള്ളക്കടത്തുകാരനെന്ന് തിരിച്ചറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *