അനുമതിയുടെ പേരില്‍ മൃഗവേട്ട അനുവദിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: കാട്ടുപന്നിയെ വെടിവയ്ക്കാമെന്നുള്ള അനുമതിയുടെ പേരില്‍ മൃഗവേട്ട അനുവദിക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.

അങ്ങനെ ചെയ്താല്‍ അവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്. ഒരുവര്‍ഷത്തിന് ശേഷം നയം പുനപരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനവാസമേഖലകളില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി ഉത്തരവിറക്കിയിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുയോജ്യമായ മാര്‍ഗങ്ങളിലൂടെ കൊല്ലാന്‍ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലവന്മാര്‍ക്ക് അധികാരം നല്‍കുന്നതാണ് ഉത്തരവ്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്ക് ഓണററി വൈല്‍ഡ്  ലൈഫ് വാര്‍ഡന്‍ എന്ന പദവി നല്‍കിയിട്ടുണ്ട്.

അതേസമയം, വിഷപ്രയോഗത്തിലൂടെയോ ഷോക്കേല്‍പ്പിച്ചോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചോ കാട്ടുപന്നികളെ കൊല്ലാനാകില്ല. സംസ്ഥാനത്ത് ജനവാസ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *