വിസ്മയകേസ്:കിരണ്‍കുമാറിന് പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വിസ്മയ എം. നായര്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്ത് വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും.

കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രസ്താവിച്ചത്.

മൂന്ന് വകുപ്പുകളിലായി(ഐപിസി 304പത്ത് വര്‍ഷം, 306ആറ് വര്‍ഷം, 498രണ്ട് വര്‍ഷം)പതിനെട്ട് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭിച്ചാല്‍ മതി. പന്ത്രണ്ടര ലക്ഷം പിഴ അടക്കണം. ഇതില്‍ രണ്ട് ലക്ഷം വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കും.

വിധിയില്‍ തൃപ്തനാണെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ പ്രതികരിച്ചു. പൊലീസിനും പ്രോസിക്യൂഷനും മാദ്ധ്യമങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നെന്നും നിരാശയുണ്ടെന്നുമായിരുന്നു വിസ്മയയുടെ മാതാവിന്റെ പ്രതികരണം. മേല്‍ക്കോടതിയെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.

വിധി പ്രസ്താവിക്കുംമുമ്ബ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കിരണിനോട് കോടതി ചോദിച്ചിരുന്നു. ‘കുറ്റം ചെയ്തിട്ടില്ല. വിസ്മയ ആത്മഹത്യ ചെയ്തതാണ്. അച്ഛനും അമ്മയ്ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്. 31 വയസ് മാത്രമേ ഉള്ളൂ. പ്രായം കൂടി പരിഗണിച്ച് ശിക്ഷയില്‍ ഇളവ് വേണം.’ എന്നാണ് കിരണ്‍കുമാര്‍ പറഞ്ഞത്.

എന്നാല്‍ ഇതൊരു വ്യക്തിക്കെതിരായ കേസല്ലെന്നും, സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെയുള്ള കേസാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. സര്‍ക്കാര്‍ ജീവനക്കാരനാണ് സ്ത്രീധനം വാങ്ങിയതെന്ന് കോടതി പരിഗണിക്കണം. സര്‍ക്കാര്‍ ജീവനക്കാരന്‍ താന്‍ വിലപിടിപ്പുള്ള ഉത്പന്നമാണെന്ന് ധരിക്കാന്‍ പാടില്ല. വിധി സമൂഹത്തിന് പാഠമാകണം. ക്രൂരമായ ശാരീരികവും മാനസികവുമായ പീഡനം നടന്നത് സ്ത്രീധനത്തിന് വേണ്ടി മാത്രമാണ്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണ്. പ്രതിക്ക് പശ്ചാത്താപമില്ല. പ്രതിയോട് അനുകമ്പ പാടില്ല. രാജ്യമാകെ ഉറ്റുനോക്കുന്ന കേസാണ്. മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതിക്ക് പശ്ചാത്താപമില്ലെന്ന് എങ്ങനെ അളന്നുനോക്കിയെന്ന് പ്രതിഭാഗം ചോദിച്ചു. ഇത് ആത്മഹത്യയാണ്. ആത്മഹത്യ നരഹത്യയല്ല. രാജ്യത്തെ ആദ്യ സ്ത്രീധന മരണമല്ല വിസ്മയയുടേത്. ആത്മഹത്യാ പ്രേരണയ്ക്ക് ലോകത്തെവിടെയും ജീവപര്യന്തം ഇല്ല. ചില കൊലക്കേസുകളില്‍ പോലും സുപ്രീം കോടതി ജീവപര്യന്തം ഒഴിവാക്കിയിട്ടുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

കിരണിന്റെ ക്രൂരതകള്‍ പറഞ്ഞുകൊണ്ട് സുഹൃത്തിനും സഹോദരന്റെ ഭാര്യയ്ക്കും വിസ്മയ അയച്ച സന്ദേശങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്. 42 സാക്ഷികളെ വിസ്തരിച്ചു. 120 രേഖകളും 12 തൊണ്ടിമുതലുകളും പരിശോധിച്ചു.

കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന് ഇന്നലെയാണ് കോടതി കണ്ടെത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം (304 ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ (306), സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടല്‍, സ്വീകരിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്നാണ് ജഡ്ജി കെ.എന്‍.സുജിത്ത് കണ്ടെത്തിയത്. ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളും പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *