സില്‍വര്‍ലൈന്‍ സംവാദത്തില്‍ പങ്കെടുക്കുന്നതിന് ഉപാധിയുമായി അലോക് വര്‍മ

തിരുവനന്തപുരം : സംവാദത്തില്‍ പങ്കെടുക്കുന്നതിന് ഉപാധിയുമായി കെ റെയിലിന്റെ വലിയ വിമര്‍ശകരില്‍ ഒരാളായ അലോക് വര്‍മ. സംവാദം സംബന്ധിച്ച് കുറേ കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് ചൂണ്ടിക്കാട്ടി അലോക് വര്‍മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

സംവാദത്തിന് ക്ഷണിക്കേണ്ടത് കെ റെയിലല്ല. സംസ്ഥാന സര്‍ക്കാറാണ്. സര്‍ക്കാറിന് വേണ്ടി ചീഫ് സെക്രട്ടറിയാണ് കത്തയക്കേണ്ടത്. കെ റെയില്‍ വിളിച്ച ഒരു സംവാദത്തില്‍ പങ്കെടുക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട്.

സംവാദത്തിന്റെ സംഘാടനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി കെ റെയിലിനെ ഏല്‍പ്പിച്ചാല്‍ സ്വീകാര്യമല്ല. മുന്‍ധാരണകള്‍ക്ക് വിരുദ്ധമായാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്.

ജോസഫ് സി മാത്യൂവിനെ പാനലില്‍ നിന്ന് മാറ്റിയതും സംവാദത്തിന്റെ മോഡറേറ്ററെ മാറ്റിയതും അംഗീകരിക്കാനാകില്ല. ഇക്കാര്യത്തിലെല്ലാം ഒരു വ്യക്തത വരുത്തി ഇന്ന് ഉച്ചക്ക് മുമ്പ് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ സംവാദത്തില്‍ നിന്ന് താന്‍ പിന്‍മാറുമെന്നും അലോക് കുമാര്‍ കത്തില്‍ പറയുന്നു.

ജോസഫ് സി മാത്യുവിന് പകരം സംവാദ പാനലില്‍ ഉള്‍പ്പെടുത്തിയ ശ്രീധര്‍ രാധാകൃഷ്ണനും ചില വിമര്‍ശനങ്ങള്‍ നടത്തി. കെ റെയിലിനെ സംവാദ മേല്‍നോട്ടം ഏല്‍പ്പിച്ചത് ശരിയല്ലെന്ന് ശ്രീധര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ജോസഫ് സി മാത്യു പറയുന്ന രാഷ്ട്രീയത്തിന് പ്രാധാന്യമുണ്ട്. അദ്ദേഹം സര്‍ക്കാറിന് അനഭിമതനായതിനാലാണ് ഒഴിവാക്കിയത്. സംവാദം സര്‍ക്കാര്‍ നിയന്ത്രണത്തിലായില്ലെങ്കില്‍ മാറിച്ചിന്തിക്കേണ്ടിവരുമെന്ന് ശ്രീധര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *