സി.പി.എമ്മിനെ സംരക്ഷിക്കാന്‍ വനിതാമതില്‍കെട്ടുന്നു

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിന് പകരം മുഖ്യമന്ത്രിയും സി.പി.എമ്മും വനിതാമതില്‍ കെട്ടി പാര്‍ട്ടിയെ സംരക്ഷിക്കുകയാണെന്ന് മുസ്‌ളിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ളിം യൂത്ത് ലീഗ് യുവജനയാത്രയുടെ സമാപന സമ്മേളനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതസൗഹാര്‍ദ്ദം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ വിഭാഗത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാവുന്നിടത്ത് ജനാധിപത്യം അപൂര്‍ണമാകും. ഭരണഘടനയെ തകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. രാജ്യത്തെ ഏകമത സങ്കല്പത്തിലേക്ക് നയിക്കാനുള്ള നീക്കം ഇന്ത്യയുടെ അടിത്തറ തകര്‍ക്കും. മനുഷ്യനെ കൊന്ന് മൃഗങ്ങളെ സംരക്ഷിക്കണമെന്ന് പറയുന്നത് ഫാസിസമാണ്. ഇതിനെതിരെ പൊതുവികാരം ഉയരണം. അത് രാജ്യത്തിന്റെ തന്നെ നിലനില്‍പിന് വേണ്ടിയുള്ളത്.


വര്‍ഗീയത വളര്‍ത്തിയും അക്രമം നടത്തിയും അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഏത് ശക്തിയെയും ചെറുത്ത് തോല്‍പ്പിക്കണം. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഫാസിസത്തെ എതിര്‍ക്കുന്ന ഇന്ത്യയുടെ മനസാണ് കാണിക്കുന്നതെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യദ് മുനവറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായിരുന്നു. പി.കെ.കുഞ്ഞാലിക്കുട്ടി എം.പി വൈറ്റ്ഗാര്‍ഡ് വോളന്റിയര്‍മാരുടെ സമര്‍പ്പണം നടത്തി. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പിമാരായ ശശി തരൂര്‍, അംബ്ദുള്‍ വഹാബ്, കൊടിക്കുന്നില്‍ സുരേഷ്, പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ തുടങ്ങിയവരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *