ഓഹരി വിപണിയില്‍ തുടര്‍ച്ചയായ അഞ്ചാം ദിനവും തകര്‍ച്ച

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ അഞ്ചാം ദിനവും തകര്‍ച്ച. ആഗോള തലത്തിലാകെയുള്ള പ്രതിസന്ധി ഇന്ത്യ വിപണിയിലും പ്രകടമാകുകയായിരുന്നു

ഏഷ്യന്‍ ഓഹരി വിപണികളിലെല്ലാം തിരിച്ചടി നേരിട്ടു. ഉച്ചയ്ക്ക് ഒന്നര വരെയുള്ള കണക്ക് പ്രകാരം സെന്‍സെക്‌സ് 1363 പോയിന്റാണ് ഇടിഞ്ഞത്. 57674 ആയി സെന്‍സെക്‌സ് കുറയുകയും ചെയ്തു. നിഫ്റ്റി 423 പോയിന്റ് ഇടിഞ്ഞ് 17194ലെത്തി. ചെറുതും ഇടത്തരം വിഭാഗത്തിലുള്ളതുമായ ഓഹരികളെല്ലാം നെഗറ്റീവ് സോണിലാണ്. നിഫ്റ്റി മിഡ്ക്യാപ് 3.37 ശതമാനമാണ് ഇടിഞ്ഞത്. ആഗോള തലത്തിലെ പ്രതിസന്ധി ഇനിയും തുടരാം. അതുകൊണ്ട് ഇന്ത്യന്‍ ഓഹരി വിപണി ഉടന്‍ തിരിച്ചുവരിക ബുദ്ധിമുട്ടേറിയതാവും.

ജെഎസ്ഡബ്ല്യു സ്റ്റീലാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവയുടെ ഓഹരികളും നഷ്ടത്തിലാണ് ബിസിനസ് നടത്തിയത്. ഓഹരി വിപണികള്‍ നേരിടുന്ന നഷ്ടത്തിന് പുറമേ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഓഹരി വിപണിയിലെ നഷ്ടവും അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനവുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. സൊമാറ്റോയുടെയും പേടിഎമ്മിന്റെയും ഓഹരികളും ഇടിഞ്ഞു. 18.48 ശതമാനം ഇടിവാണ് സൊമാറ്റോ നേരിട്ടത്. പേടിഎം 5.54 ശതമാനം ഇടിവും നേരിട്ടു. ഓഹരി വിപണി പട്ടികയില്‍ ഇടംപിടിച്ച ശേഷമുള്ള ഏറ്റവും മോശം സാഹചര്യത്തിലാണ് അവരുള്ളത്.

496 ഓഹരികള്‍ക്ക് മാത്രമാണ് മുന്നോട്ട് പോയി കുതിപ്പുണ്ടാക്കാന്‍ സാധിച്ചത്. എന്നാല്‍ 2992 കമ്ബനികള്‍ക്ക് വലിയ തിരിച്ചടിയാണ് ഓഹരി വിപണിയില്‍ നിന്നുണ്ടായത്. വിപ്രോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടൈറ്റന്‍, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിന്‍സര്‍വ് എന്നിവയ്ക്കാണ് ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത്. 2.83 ശതമാനത്തോളമാണ് ഇടിവുണ്ടായത്. വെള്ളിയാഴ്ച്ച 427 പോയിന്റാണ് സെന്‍സെക്‌സ് ഇടിഞ്ഞത്. 59037 പോയിന്റിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 140 പോയിന്റും ഇടിഞ്ഞു. 17617 പോയിന്റിലായിരുന്നു വ്യാപാരം വെള്ളിയാഴ്ച്ച അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *