പാര്‍ലമെന്റ് ബഡ്ജറ്റ് സമ്മേളനം ജനുവരി 31 മുതല്‍

ന്യൂഡല്‍ഹി: 2022ലെ പാര്‍ലമെന്റ് ബഡ്ജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഏപ്രില്‍ എട്ട് വരെ നടത്താന്‍ തീരുമാനം.

ഇരു സഭകളുടെയും സാന്നിധ്യത്തില്‍ സമ്മേളനം ജനുവരി 31ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അഭിസംബോധനയോടുകൂടി ആരംഭിക്കും.

2022 2023 സാമ്ബത്തിക വര്‍ഷത്തേയ്ക്കുള്ള ബഡ്ജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 11ന് സമാപിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനും ഇടയിലാണ് ബഡ്ജറ്റ് സമ്മേളനം നടക്കുന്നത്. പകര്‍ച്ചാവ്യാധിയുടെ ഫലമായി കഴിഞ്ഞ അഞ്ച് പാര്‍ലമെന്റ് സമ്മേളനങ്ങളും ചുരുക്കിയിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമ്മേളനത്തില്‍ സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതായി അധികൃതര്‍ അറിയിച്ചു. സമ്മേളനം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ലോക സഭാ സ്പീക്കറും രാജ്യസഭാദ്ധ്യക്ഷനും ജനുവരി 25നോ 26നോ യോഗം ചേരുമെന്നും അധികൃതര്‍ പറഞ്ഞു. സമ്മേളനത്തിന്റെ രണ്ടാം ഭാഗം മാര്‍ച്ച് 14ന് ആരംഭിച്ച് ഏപ്രില്‍ എട്ടിന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *