വിധി നിര്‍ഭാഗ്യകരം; അപ്പീലിന് പോകും: കോട്ടയം മുന്‍ എസ്.പി

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി നിര്‍ഭാഗ്യകരമാണെന്നും അപ്പീല്‍ പോകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോട്ടയം മുന്‍ എസ് പി ഹരിശങ്കര്‍.

ഈ കേസില്‍ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്. സഭക്കുള്ളില്‍ വിഷയം തീര്‍ക്കാന്‍ ശ്രമിച്ചതിനാലാണ് സമയ താമസമുണ്ടായത്. കൃത്യമായ മെഡിക്കല്‍ തെളിവുകളടക്കമുള്ള ഒരു റേപ്പ് കേസാണ്.

പീഡിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ സ്ത്രീ പ്രതികരിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. കന്യാസ്ത്രീയുടെ ജീവന് ഭീഷണിയുണ്ടായിരുന്നു. വിവരം പുറത്ത് പറയാന്‍ കഴിയാത്ത വിഷമത്തിലായിരുന്നു. ഏറെ നാള്‍ കന്യാസ്ത്രീ സഭയ്ക്ക് അകത്ത് തന്നെ വിഷയം പരിഹരിക്കാന്‍ ശ്രമം നടന്നിരുന്നു. താന്‍ ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയില്‍ നിന്നാണ് ഇര ബിഷപ്പിനെതിരെ മൊഴി നല്‍കിയത്. അന്വേഷണ സംഘത്തിന് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്.

നീതിന്യായ വ്യവസ്ഥക്ക് തന്നെ വിധി അദ്ഭുതകരമാകും. എല്ലാ സാക്ഷികളും സാധാരണക്കാരാണ്. എല്ലാവരും കൃത്യമായി മൊഴി നല്‍കിയ കേസാണ്. മെഡിക്കല്‍ തെളിവുകളും ശക്തമായിരുന്നു. ഇതേ അനുഭവങ്ങളുള്ള നിരവധി പേര്‍ സമൂഹത്തിലുണ്ട്. സംരക്ഷിക്കുന്നവര്‍ തന്നെ കുറ്റവാളികളാകുന്ന അവസ്ഥ നിലവിലുണ്ട്. പീഡിപ്പിക്കപ്പെട്ടവര്‍ക്ക് ഏത് തരത്തിലുള്ള സന്ദേശമാണ് ഈ വിധി നല്‍കുന്നതെന്ന് ആലോചിക്കണം. ഉറപ്പായും അപ്പീല്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *