കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍

കോട്ടയം: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.

ഗോപകുമാര്‍ ആണ് വിധി പറഞ്ഞത്. ഒറ്റവാക്കിലായിരുന്നു വിധിപ്രസ്താവം. രാജ്യത്താദ്യമായി ഒരു കന്യാസ്ത്രീ സ്വന്തം സഭയിലെ ബിഷപ്പിനെതിരെ നല്‍കിയ പീഡന കേസിലാണ് വിധി വന്നത്.105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്.

വിധികേട്ട് കോടതിമുറിയില്‍ നിന്ന് പുറത്തിറങ്ങിയ ഫ്രാങ്കോ അഭിഭാഷകരെയടക്കം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ദൈവത്തിന് സ്തുതിയെന്ന് മാത്രമായിരുന്നു ബിഷപ്പിന്റെ പ്രതികരണം. കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറാകാതെ കോടതി പരിസരം വിട്ടുപോവുകയും ചെയ്തു.പ്രതീക്ഷിച്ചിരുന്ന വിധിയെന്നാണ് ഫ്രാങ്കോയ്ക്ക് ഒപ്പമുണ്ടായിരുന്നവര്‍ പ്രതികരിച്ചത്. ദൈവത്തിന് സ്തുതി എന്നും അവര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. നാളിതുവരെ ഫ്രാങ്കോയ്ക്കു പിന്തുണനല്‍കിയവര്‍ക്ക് നന്ദി അര്‍പ്പിച്ച് ജലന്ധര്‍ രൂപതയുടെ പി ആര്‍ ഒയുടെ പേരിലുള്ള പ്രിന്റുചെയ്ത വാര്‍ത്താകുറിപ്പ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. വിധിയില്‍ സന്തോഷിച്ച് സ്ത്രീകള്‍ അടക്കമുള്ളവര്‍ മധുരവിതരണം ചെയ്യുകയും ചെയ്തു. ബിഷപ്പ് കുറ്റം ചെയ്തിട്ടില്ലെന്നും വിധി പ്രതീക്ഷിച്ചിരുന്നതാണ് എന്നുമാണ് അവര്‍ പറയുന്നത്.

വിധി കേള്‍ക്കാനായി രാവിലെ ഒമ്ബതരയോടെ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയിലെത്തിയിരുന്നു.മാദ്ധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് പിന്‍വാതിലിലൂടെയാണ് ബിഷപ്പ് കോടതിയിലേക്ക് പ്രവേശിച്ചത്. സഹോദരനും സഹോദരി ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. കര്‍ശന സുരക്ഷയാണ് കോടതിക്കും കുറുവിലങ്ങാട് മഠത്തിനും ഏര്‍പ്പെടുത്തിയിരുന്നത്. കോടതിമുറിയില്‍ ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു.

ലൈംഗിക പീ!ഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ. അന്നത്തെ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ്, എസ്.ഐ എം.പി. മോഹന്‍ദാസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. അഡ്വ. ജിതേഷ് ജെ. ബാബുവാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. അഡ്വ. കെ. രാമന്‍ പിള്ളയും സി.എസ്. അജയനും പ്രതിഭാഗത്തിനുവേണ്ടി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *