കുടുംബശ്രീ പ്രവര്‍ത്തകര്‍ അവധിയെടുക്കാതെ വനിതാ മതിലിനിറങ്ങിയാല്‍ നിയമപരമായി നേരിടുമെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍

തൃശൂര്‍ : കുടുംബശ്രീ പ്രവര്‍ത്തകര്‍ അവധിയെടുക്കാതെ വനിതാ മതിലിനിറങ്ങിയാല്‍ നിയമപരമായി നേരിടുമെന്നും കോണ്‍ഗ്രസും പോഷക സംഘടനകളും അതിനെതിരെ പ്രക്ഷോഭം നയിക്കുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.


സ്‌കൂള്‍ കുട്ടികളെ മതിലിന് അണിനിരത്താന്‍ ശ്രമിക്കുന്നതു ബാലാവകാശ നിയമങ്ങള്‍ക്കു വിരുദ്ധമാണ്. സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ വാഹനങ്ങള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗപ്പെടുത്തിയാല്‍ അവര്‍ക്കെതിരെയും നിയമനടപടിക്കു മുതിരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വനിതാ മതില്‍ എന്തിനെന്നു വിശദീകരിക്കാന്‍പോലും പിണറായി വിജയനായിട്ടില്ല. സ്വന്തം മണ്ഡലത്തില്‍ പോലും വനിതാ സുരക്ഷ ഉറപ്പാക്കാന്‍ പിണറായി വിജയനായിട്ടില്ല. പാലക്കാട് പീഡനത്തിനിരയായി പരാതി നല്‍കിയ പെണ്‍കുട്ടിയെ ഒറ്റപ്പെടുത്തി ആരോപണവിധേയനെ വെള്ളപൂശിയ സിപിഎമ്മിനു ലിംഗനീതിയെക്കുറിച്ചു സംസാരിക്കാന്‍ എന്ത് അവകാശമാണുള്ളത്?
ഈ സര്‍ക്കാര്‍ വന്ന ശേഷം ഉണ്ടായ മാനഭംഗ, പീഡനക്കേസുകളിലെല്ലാം ഡിവിഐഫ്‌ഐക്കാരനോ സിപിഎമ്മുമായി ബന്ധമുള്ളവരോ ആയ ഒരാളെങ്കിലും പ്രതിയായിട്ടുണ്ട് എന്നതാണു സ്ഥിതിയെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കെപിസിസി പുനഃസംഘടന ഉണ്ടാവും. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. വലിയ കമ്മിറ്റികള്‍ ഉണ്ടാവരുത് എന്നാണു വ്യക്തിപരമായ അഭിപ്രായം. റഫാല്‍ ഇടപാട് സംബന്ധിച്ച് പിഎസി മുന്‍പാകെ റിപ്പോര്‍ട്ട് വന്നിട്ടില്ലെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കിയ സാഹചര്യത്തില്‍ കോടതിയില്‍ തെറ്റായ വിവരം നല്‍കിയ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ജനങ്ങളോടു മാപ്പു പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *