ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് കെപിസിസി പുനഃസംഘടിപ്പിക്കും

ജയന്‍ ശാസ്തമംഗലം


വനിതാമതിലിനെതിരെ ശക്തമായ പ്രചാരണം നടത്തും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് കെപിസിസി പുനഃസംഘടന നടത്താന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ ധാരണ. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.മുരളീധരനും പങ്കെടുക്കാത്തതിനാല്‍ പുനഃസംഘടന സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടന്നില്ല. സര്‍ക്കാരിന്റ വനിതാമതിലിനെതിരെ ശക്തമായ പ്രചാരണം നടത്താന്‍ യോഗം തീരുമാനിച്ചു. കെപിസിസി അഴിച്ചുപണിയുമായി മുന്നോട്ടുപോകാനും പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു ഹൈക്കമാന്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് 14 ജില്ലകളിലുമെത്തും. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ദുര്‍ബലമായ സംഘടനാ സംവിധാനം പരിശോധിച്ചു ലോക്‌സഭാ തിരഞ്ഞെടുപ്പിനു സജ്ജമാക്കാന്‍ ഹൈക്കമാന്‍ഡിനു താല്‍പര്യമുണ്ട് എന്നത് മറനീക്കി പുറത്തുവന്നിട്ടുണ്ട്. ജനുവരി അവസാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കൊച്ചി റാലിക്കു മുന്നോടിയായിട്ടായിരിക്കും വാസ്‌നിക്കിന്റെ പര്യടനം. ഓരോ ജില്ലയിലും ഓരോ ദിവസം ചെലവഴിച്ചു സ്ഥിതി നേരിട്ടു മനസ്സിലാക്കണമെന്ന നിര്‍ദേശമാണു സംസ്ഥാന നേതൃത്വം സമര്‍പ്പിച്ചത്. മുല്ലപ്പള്ളിയും വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും വാസ്‌നിക് ഉള്‍പ്പെടെക്കമുള്ള കേന്ദ്ര നേതാക്കളുമായി ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തി.
എല്ലാ ജില്ലകളിലും താരതമ്യനേ യുവനേതൃത്വമാണു ഡിസിസി തലപ്പത്തുള്ളതെങ്കിലും ഭാരവാഹിപ്പട്ടികയെക്കുറിച്ച് ആര്‍ക്കും മതിപ്പില്ല. ജംബോ പട്ടികയായതിനാല്‍ ഉത്തരവാദിത്തമേറ്റെടുത്തു പ്രവര്‍ത്തിക്കാന്‍ പലരും താല്‍പര്യം കാട്ടുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പായി ഇതില്‍ എന്തുമാറ്റം വരുത്താന്‍ കഴിയുമെന്ന അവലോകനത്തിനായാണു കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെത്തുന്നത്. തിരഞ്ഞെടുപ്പു മേല്‍നോട്ടത്തിനായി മാത്രം ജില്ലാ ഉപസമിതിയെന്ന നിര്‍ദേശം പരിഗണനയിലുണ്ട്.


വനിതാമതിലിനെതിരെ 28ന് മണ്ഡലം തലങ്ങളില്‍ പദയാത്രയും 20 മുതല്‍ 23 വരെ വീടുകള്‍ കയറി പ്രചാരണം നടത്താനും തീരുമാനമായി. ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും വൈസ് പ്രസിഡന്റ് വനിതയായിരിക്കണമെന്നും ഡിസിസി പ്രസിഡന്റുമാര്‍ക്കു കെപിസിസി നിര്‍ദേശം നല്‍കി. നിയോജകമണ്ഡലം ഭാരവാഹികളില്‍ രണ്ടുപേര്‍ വനിതകളായിരിക്കണമെന്നും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *