കര്‍ഷകരിലേക്ക് വേഗത്തില്‍ സഹായമെത്തിക്കാനാകണം ഓഫീസുകള്‍ ശ്രദ്ധിക്കേണ്ടത്: മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: കൃഷി ഓഫീസുകള്‍ കടലാസ് രഹിത ഓഫീസുകളായി മാറുന്നത് കര്‍ഷകര്‍ക്കാണ് ഗുണം ചെയ്യുന്നതെന്നും വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി കര്‍ഷകരിലേക്കെത്തിക്കാന്‍ വേണ്ടിയായിരിക്കണം ഓഫീസുകളുടെ പ്രവര്‍ത്തനമെന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഇ-ഓഫീസ് സംവിധാനം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കാര്‍ഷിക മേഖലയുടെ വികസനവും കൃഷിക്കാരന്റെ ക്ഷേമവും ഉറപ്പാക്കുന്നതിനായാണ് സാങ്കേതികവിദ്യയെ കൂട്ടുപിടിച്ചുകൊണ്ടുള്ള പുതിയ സൗകര്യങ്ങളൊരുക്കുന്നത്. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വകുപ്പിലെ ഓരോരുത്തരില്‍ നിന്നുമുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൃഷി വകുപ്പിനു കീഴിലുള്ള എല്ലാ ഓഫീസുകളും ഇ-ഓഫീസുകളാക്കി മാറ്റുന്ന പദ്ധതി നടന്നു വരികയാണ്. അതിന്റെ ആദ്യ ഘട്ടമായാണ് തിരുവനന്തപുരം ജില്ലാ ഓഫീസില്‍ ഇ-ഓഫീസ് സംവിധാനം ആരംഭിച്ചിരിക്കുന്നത്. എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കാനും കാലതാമസം കൂടാതെ പൂര്‍ത്തിയാക്കാനും ഇ-ഓഫീസ് സംവിധാനം സഹായകമാകും.

കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ സുഷമ .എസ്, ജോര്‍ജ് അലക്‌സാണ്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ.എം രാജു, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോര്‍ജ് സെബാസ്റ്റിയന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബൈജു.എസ്.സൈമണ്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ രാജേശ്വരി.എസ്.ആര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *