പിങ്ക് പൊലീസുകാരി അപമാനിച്ച സംഭവം: പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കൊച്ചി: മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് എട്ടുവയസുകാരിയെയും പിതാവിനെയും പിങ്ക് പൊലീസുകാരി അപമാനിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.

പരാതിക്കാരിയായ പെണ്‍കുട്ടിക്ക് നമ്ബി നാരായണന് കൊടുത്തത് പോലെ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. സ്ഥലം മാറ്റം ശിക്ഷയല്ലെന്നും പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അച്ചടക്ക നടപടി വൈകുന്നത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി പി രജിതക്കെതിരെ നടപടിയും അപമാനത്തിനിരയായതിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് പെണ്‍കുട്ടി പിതാവു മുഖേന നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലും കോടതി കുട്ടിക്ക് എന്ത് നഷ്ടപരിഹാരം നല്‍കാം എന്ന് ചോദിച്ചപ്പോള്‍ കുട്ടിക്ക് മാനസിക പിന്തുണ നല്‍കാം എന്ന ഉത്തരമായിരുന്നു സര്‍ക്കാര്‍ നല്‍കിയിരുന്നത്. എന്നാല്‍ മാനസിക പിന്തുണ നല്‍കിയത് കൊണ്ട് കാര്യമില്ല, ആ കുട്ടിക്ക് എന്ത് നഷ്ടപരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

എന്തുകൊണ്ടാണ് പൊലീസ് മേധാവിയും സര്‍ക്കാരും പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും എന്ത് മറച്ചുപിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. നീതി കിട്ടിയെന്ന് കുട്ടിക്ക് തോന്നണമെന്നും പൊലീസുകാരിയെ വെള്ളപ്പൂശുന്ന രീതിയിലുള്ള നടപടികളുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്നും കോടതി പറഞ്ഞു. പൊലീസ് മേധാവിയേയും രൂക്ഷമായി വിമര്‍ശിച്ച കോടതി പൊലീസ് കഌബില്‍ ഇരുന്നാണോ അന്വേഷണം നടത്തേണ്ടതെന്നും പൊലീസുകാരിയെ സംരക്ഷിക്കുന്നത് എന്തിനു വേണ്ടിയാണെന്നും ചോദിച്ചു. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് തെറ്റു പറ്റിയാതാകാം എങ്കിലും മറുപടി പറയാനുള്ള ബാദ്ധ്യത പൊലീസുകാരിക്കുണ്ടെന്ന് കോടതി സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *