രാജ്യത്ത് നടക്കുന്നത് ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മിലുള്ള മത്സരം: രാഹുല്‍ഗാന്ധി

ജയ്പൂര്‍: ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മിലെ വ്യത്യാസം എടുത്തുപറഞ്ഞ് ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി.

രാജ്യത്ത് നടക്കുന്നത് ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മിലെ മത്സരമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഹിന്ദുവും ഹിന്ദുത്വവാദിയും വ്യത്യസ്തമായ അര്‍ത്ഥങ്ങളുളള വാക്കുകളാണ്. ‘ഞാന്‍ ഹിന്ദുവാണ്. ഹിന്ദുത്വവാദിയല്ല. നിങ്ങളെല്ലാം ഹിന്ദുക്കളാണ്. മഹാത്മാഗാന്ധി ഹിന്ദുവായിരുന്നു എന്നാല്‍ ഗോഡ്‌സെ ഒരു ഹിന്ദുത്വവാദിയും. സത്യാന്വേഷണത്തിനായാണ് മഹാത്മാഗാന്ധി ജീവിതം ചെലവഴിച്ചത്. എന്നാല്‍ ഹിന്ദുത്വവാദി ഗോഡ്‌സെ മൂന്ന് വെടിയുണ്ട കൊണ്ട് ആ ജീവനെടുത്തു.’ രാഹുല്‍ ജയ്പൂരില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിച്ചു.

സത്യത്തിന് വേണ്ടിയുളള ജീവിതമാണ് ഹിന്ദുവിന്റേത്. സത്യത്തിന് വേണ്ടി മരിക്കാനും ഹിന്ദു തയ്യാറാകും. ഭഗവത്ഗീത ഹിന്ദുവിനോട് ആവശ്യപ്പെടുന്നതും സത്യം കണ്ടെത്താനാണ്. എന്നാല്‍ ഹിന്ദുത്വവാദിയ്ക്ക് വേണ്ടത് സത്യമല്ല അധികാരമാണ്. അതിന്റെ ഭയം മൂലം അവര്‍ എല്ലായ്‌പ്പോഴും വെറുപ്പ് പ്രചരിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.

2014 മുതല്‍ ഹിന്ദുത്വവാദികള്‍ അധികാരത്തിലുണ്ട്. ഹിന്ദുക്കളെ ഇവര്‍ അകറ്റി. ഈ ഹിന്ദുത്വവാദികള്‍ വ്യാജ ഹിന്ദുക്കളാണ്. രാജ്യത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും നിങ്ങള്‍ അനുഭവിക്കുന്നില്ലേയെന്നും രാജ്യം ഭരിക്കുന്നത് നേതാക്കളല്ലെന്നും മൂന്നോ നാലോ മുതലാളിമാരാണെന്നും രാഹുല്‍ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *