ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗം ഓരോ ദേശസ്‌നേഹിക്കും നികത്താനാവാത്ത നഷ്ടം: പ്രധാനമന്ത്രി

ബല്‍റാംപുര്‍ (യു.പി): തമിഴ്‌നാട്ടിലെ കുനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും മറ്റു സൈനികരുടെയും സേവനം അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഓരോ രാജ്യസ്‌നേഹിക്കും നികത്താനാവാത്ത നഷ്ടമാണ് ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നത്.

ജനറല്‍ റാവത്ത് ധീരനും രാജ്യത്തിന്റെ സായുധ സേനയെ സ്വയം പര്യാപ്തമാക്കാന്‍ ഏറെ കഠിനാദ്ധ്വാനം ചെയ്തയാളുമായിരുന്നു. രാജ്യം മുഴുവന്‍ അതിന് സാക്ഷിയായിരുന്നു. സേനയില്‍ ആയിരിക്കുമ്‌ബോള്‍ മാത്രമല്ല ഒരാള്‍ സൈനികനായിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ഒരു യോദ്ധാവായിരിക്കും. ഓരോ നിമിഷവും അച്ചടക്കവും രാജ്യത്തിന്റെ അഭിമാനവും പാലിക്കുന്നയാളാണ്. മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബല്‍റാംപുര്‍ സരയൂ നഹര്‍ നാഷണല്‍ പ്രൊജക്ട് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം അവരെ അനുസ്മരിക്കുകയാണ്. കടുത്ത വേദനയുണ്ട്. എങ്കിലും രാജ്യം അതിന്റെ ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടുപോകില്ല. ഇന്ന് രാജ്യത്തിന് അകത്തും പുറത്തുനിന്നുമുള്ള ഏതു ഭീഷണിയും നേരിടാന്‍ രാജ്യം സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ജീവന്‍ രക്ഷിക്കാന്‍ രാജ്യം എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *