ജനറല്‍ ബിപിന്‍ റാവത്തിന് രാജ്യം യാത്രയയപ്പ് നല്‍കി

ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് സകല ബഹുമതികളോടെയും രാജ്യം യാത്രയയപ്പ് നല്‍കി.

800ഓളം സൈനികരുടെ അകമ്പടിയില്‍ 17 റൗണ്ട് ഗണ്‍സല്യൂട്ടോട് കൂടിയാണ് ന്യൂഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ രാജ്യത്തിന്റെ സൈന്യാധിപന് യാത്രയയപ്പ് നല്‍കിയത്. മക്കളായ ക്രിതികയും തരിണിയും ചേര്‍ന്നാണ് ചിതയ്ക്ക് തിരി കൊളുത്തിയത്.

നേരത്തെ കാമരാജ് റോഡിലുള്ള ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് ബിപിന്‍ റാവത്തിന്റെയും ഭാര്യയുടേയും മൃതദേഹങ്ങള്‍ വിലാപയാത്രയായി ശ്മശാനത്തില്‍ എത്തിച്ചത്. 3.30ഓടെ ശ്മശാനത്തില്‍ എത്തിച്ച മൃതദേഹങ്ങളില്‍ 4.15 വരെ രാഷ്ട്രനേതാക്കളും അതിന് ശേഷം 4.30 വരെ കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് 4.45ഓടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍, കേന്ദ്ര മന്ത്രിമാരായ മന്‍സുഖ് മാണ്ഡവ്യയ, സര്‍ബാനന്ദ സോനോവാള്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, എ കെ ആന്റണി, ഹരീഷ് സിംഗ്, മല്ലികാര്‍ജുന ഗാര്‍ഗെ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി, ഡല്‍ഹി ലഫ്റ്റനെന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഡി എം കെ നേതാക്കളായ എ രാജ, കനിമൊഴി, ജെ പി നഡ്ഡ, ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്, ഫ്രാന്‍സ്, ഇസ്രായേല്‍ നയതന്ത്രപ്രതിനിധികള്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്നലെ ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ച ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ളവരുടെ ഭൗതികശരീരങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

വിലാപയാത്രയായിട്ടാണ് ഇരുവരുടേയും ഭൗതികശരീരങ്ങള്‍ വസതിയില്‍ നിന്നും ശ്മശാനത്തിലേക്ക് എത്തിച്ചത്. റോഡിന് ഇരുവശത്തുമായി വാഹനങ്ങള്‍ ഒതുക്കി ഭാരത് മാതാ കി ജയ്, അമര്‍ രഹേ വിളികള്‍ മുഴക്കിയാണ് ഇന്ത്യയുടെ സൈന്യാധിപന് രാജ്യം വിട നല്‍കിയത്. തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഏറിയ പങ്കും ബിപിന്‍ റാവത്ത് ചെലവഴിച്ചത് ന്യൂഡല്‍ഹിയിലാണ്. അതിനാല്‍ തന്നെ അദ്ദേഹത്തെ അടുത്തറിയുന്ന നിരവധി പേര്‍ രാജ്യതലസ്ഥാനത്തുണ്ട്. മൃതശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നു പോകുന്നത് കാണാനാകാതെ പലരും വിങ്ങിപ്പൊട്ടുന്നത് കാണാമായിരുന്നു. ത്രിവര്‍ണ പതാക വീശിയും വാഹനത്തിനൊപ്പം ഓടിയുമാണ് ജനക്കൂട്ടം ബിപിന്‍ റാവത്തിനോടും ഭാര്യയോടുമുള്ള അവരുടെ സ്‌നേഹം വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *