പിറവം പള്ളിക്കു മുകളില്‍ ആത്മഹത്യാ ഭീഷണി; പൊലീസ് പിന്മാറി.

കൊച്ചി : തര്‍ക്കം നിലനില്‍ക്കുന്ന പിറവം വലിയപള്ളിക്കു മുകളില്‍ ആത്മഹത്യാ ഭീഷണിയുമായി രണ്ട് യാക്കോബായ വിശ്വാസികള്‍. ഓര്‍ത്തഡോക്‌സ് സഭയിലെ അച്ചന്മാര്‍ക്കും വിശ്വാസികള്‍ക്കും പള്ളിയില്‍ പ്രവേശനം അനുവദിച്ചാല്‍ ജീവനൊടുക്കുമെന്നാണു ഭീഷണി.
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പൊലീസ് ശ്രമിച്ചതിനിടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. രണ്ടായിരത്തോളം ആളുകളാണ് പള്ളിപ്പരിസരത്തു തമ്പടിച്ചിട്ടുള്ളത്. വന്‍ പൊലീസ് സന്നാഹവും സ്ഥലത്തുണ്ട്. പള്ളിയുടെ ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്തു കടക്കാനുള്ള പൊലീസിന്റെ ശ്രമം വിശ്വാസികള്‍ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പള്ളി പരിസരത്തുനിന്ന് പൊലീസ് പിന്മാറി

എന്തുകൊണ്ട് പള്ളിത്തര്‍ക്ക വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടിക്ക് ഒരുങ്ങിയത്. വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നാളെ വിശദീകരണം നല്‍കാനിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം. നാളെ കേസ് ഹൈക്കോടതില്‍ പരിഗണിക്കാനിരിക്കെ സുപ്രീം കോടതി വിധി നടപ്പാക്കരുതെന്നാണ് യാക്കോബായ സഭാംഗങ്ങളുടെ ആവശ്യം. അതേസമയം, പള്ളിയില്‍ തല്‍സ്ഥിതി തുടരണമെന്നാവശ്യപ്പെട്ട് യാക്കോബായാ സഭാ വിശ്വാസികളുടെ നേതൃത്വത്തില്‍ സമാധാന സന്ദേശറാലിയും പള്ളിയില്‍ അഖണ്ഡപ്രാര്‍ഥനയും സംഘടിപ്പിച്ചിരുന്നു. വിധി നടപ്പാക്കാന്‍ ഓര്‍ത്തഡോക്‌സ് – യാക്കോബായ സഭാ നേതൃത്വങ്ങള്‍ സഹകരിക്കണമെന്ന് കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *