കര്‍ഷകരെ പ്രശ്‌നത്തിലകപ്പെടുത്താനാണ് പ്രതിപക്ഷപാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി

മഹൊബ: കര്‍ഷകരെ പ്രശ്‌നത്തിലകപ്പെടുത്തുക എന്നതാണ് ചില പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ അടിസ്ഥാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഉത്തര്‍പ്രദേശിലെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബങ്ങള്‍ നിയന്ത്രിക്കുന്ന പാര്‍ട്ടികള്‍ രൂപീകരിക്കുന്ന സര്‍ക്കാരുകള്‍ക്ക് കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കില്ല. ഇത്തരം പാര്‍ട്ടികള്‍ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നത്. എന്നാല്‍ ബിജെപി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.

കുടുംബങ്ങളുടെ നിയന്ത്രണത്തിലുള്ള പാര്‍ട്ടികള്‍ കര്‍ഷകരെ എപ്പോഴും പ്രശ്‌നത്തിലാക്കുകയാണ്. കര്‍ഷകരുടെ പേരില്‍ വന്‍ പ്രഖ്യാപനങ്ങള്‍ അവര്‍ നടത്തുന്നുണ്ടെങ്കിലും ഒരു പൈസ പോലും കര്‍ഷകരിലേക്ക് എത്തുന്നില്ല.

പിഎം കിസാന്‍ സമ്മാന്‍ നിധിയിലൂടെ ബിജെപി സര്‍ക്കാര്‍ കോടികളാണ് നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കിയത്. വിത്ത് വിതയ്ക്കുന്നതു മുതല്‍ ഉല്‍പ്പന്നം ചന്തയിലെത്തുന്നതുവരെ കര്‍ഷകന് ആവശ്യമായ എല്ലാ സഹായവും ഈ സര്‍ക്കാര്‍ ഉറപ്പു വരുത്തി.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചതിനുശേഷം നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി പ്രതിപക്ഷ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ചത്. 3250 കോടി രൂപയുടെ വിവിധ പദ്ധതികളാണ് മഹൊബയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മൂന്ന് ജില്ലകളിലായി 65,000 ഹെക്ടര്‍ സ്ഥലത്ത് ജലസേചനം നടത്തുന്നതിനാവശ്യമായ പദ്ധതിയുള്‍പ്പെടെ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *