മതിലുകെട്ടാന്‍ ജീവനക്കാരെയും അധ്യാപകരെയും പങ്കെടുപ്പിക്കാന്‍ സമ്മര്‍ദ്ദം

തിരുവനന്തപുരം: മതിലുകെട്ടാന്‍ സ്ത്രീകളായ എല്ലാ സംസ്ഥാന ജീവനക്കാരും അധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കാനും പങ്കെടുപ്പിക്കാനും സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിനായി സാലറി ചാലഞ്ച് മാതൃകയില്‍ സര്‍വീസ് സംഘടനകള്‍ വഴി ജീവനക്കാര്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്താനാണു ശ്രമം. ജീവനക്കാരെ പങ്കെടുപ്പിക്കാന്‍ സംഘടനകളോട് ആവശ്യപ്പെടണമെന്നു നിര്‍ദേശിച്ചു ചീഫ് സെക്രട്ടറി ടോം ജോസ് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ആശ-അങ്കണവാടി വര്‍ക്കര്‍മാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, തദ്ദേശസ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, സഹകരണ സംഘങ്ങളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും വനിതകള്‍ എന്നിവരെയും പങ്കെടുപ്പിക്കാന്‍ നിര്‍ദേശമുണ്ട്.

പ്രളയംനിമിത്തം സാമ്പത്തിക പ്രശ്‌നങ്ങള്‍ അനുബവിക്കുന്നുവെന്ന് ആവര്‍ത്തിച്ച് പറയുന്ന സര്‍ക്കാര്‍ തന്നെ ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ചെലവു പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും തുക അനുവദിക്കാന്‍ ധനവകുപ്പിനോട് ആവശ്യപ്പെടുമെന്നും ഉത്തരവിലുണ്ട്. ഇതിനായി വന്‍ തുക തന്നെ ഖജനാവില്‍ നിന്ന് വേണ്ടിവരുമെന്ന് കണക്കുകൂട്ടുന്നു. ആളെ ചേര്‍ക്കുന്നതിനും പ്രചാരണ സന്ദേശങ്ങള്‍ തയാറാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും ഫണ്ട് ചെലവഴിക്കുന്നതിനുമുള്ള ചുമതല സാമൂഹികനീതി വകുപ്പിനാണ്. എല്ലാ വീടുകളിലും ലഘുലേഖകള്‍ എത്തിക്കാന്‍ ശിശു വികസന വകുപ്പിനെ ചുമതലപ്പെടുത്തി. കൂടാതെ മതിലുകെട്ടാന്‍ വരുന്ന സ്ത്രീകളടക്കമുള്ളവര്‍ക്ക് പോക്കറ്റ് മണി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് സൂചനയുണ്ട്.

നാളെ മുതല്‍ 12 വരെ കലക്ടര്‍മാര്‍ യോഗം വിളിച്ചു സംഘാടക സമിതികള്‍ക്കു രൂപം നല്‍കണം. കലക്ടര്‍ സംഘാടക സമിതി കണ്‍വീനറും പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ജില്ലാ മേധാവി ജോയിന്റ് കണ്‍വീനറും ആകണമെന്നാണ് ഉത്തരവ്. സംസ്ഥാനതല ഏകോപനത്തിനു മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനും മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായി ഉപസമിതിയും രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *