സി.ബി.ഐ., ഇ.ഡി ഡയറക്ടര്‍മാരുടെ കാലാവധി 5 കൊല്ലമാക്കി; ഓര്‍ഡിനന്‍സ് രാഷ്ട്രപതി ഒപ്പുവച്ചു

ന്യൂഡല്‍ഹി: സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ഡയറക്ടര്‍മാരുടെ കാലാവധി അഞ്ച് വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കാന് തീരുമാനിച്ചു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു.

ഇപ്പോള്‍ രണ്ട് വര്‍ഷത്തേക്കാണ് ഈ രണ്ട് കേന്ദ്ര ഏജന്‍സികളിലെയും തലവന്മാരുടെ കാലാവധി. ഓര്‍ഡിനന്‍സ് അനുസരിച്ച് രണ്ട് വര്‍ഷത്തിന് ശേഷം ഇത് ഓരോ വര്‍ഷമായി മൂന്നുതവണ നീട്ടാം.

വിദേശനാണ്യ വിനിമയം, കളളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ഇ.ഡി അന്വേഷിക്കാറ്. ഐ.ആര്‍.എസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാര്‍ മിശ്രയാണ് ഇപ്പോള്‍ ഇ.ഡി മേധാവി. 2020 നവംബര്‍ വരെയായിരുന്നു ഇദ്ദേഹത്തിന്റെ കാലാവധി. ഇത് നീട്ടിനല്‍കി.

സുബോധ് കുമാര്‍ ജെയ്‌സ്വാള്‍ ഐ.പി.എസ് ആണ് സിബിഐ തലവന്‍. 2021 മേയ് മാസത്തിലാണ് അദ്ദേഹം നിയമിതനായത്. നിലവിലെ ഓര്‍ഡിനന്‍സ് പ്രകാരം അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ തുടര്‍ന്ന് കാലാവധി നീട്ടിനല്‍കുകയില്ല.

പ്രതിപക്ഷ നേതാക്കള്‍ക്കും ചില കേന്ദ്ര മന്ത്രിമാര്‍ക്കും എതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ പുതിയ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *