ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാന്‍ അവസരം കിട്ടാത്ത തീര്‍ഥാടകര്‍ക്ക് സ്‌പോട്ട് ബുക്കിങ് സൗകര്യം

ശബരിമല: ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാന്‍ അവസരം കിട്ടാത്ത തീര്‍ഥാടകര്‍ക്ക് സ്‌പോട്ട് ബുക്കിങ് സൗകര്യം ഒരുക്കി.

ഇതിനായി നിലയ്ക്കലില്‍ അഞ്ചു പ്രത്യേക കൗണ്ടറുകള്‍ തുറക്കും. വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യുമ്പോള്‍ നിലയ്ക്കലില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം ലഭിക്കും. ആ സമയത്ത് എത്താത്തവരുടെ എണ്ണം നോക്കിയാണ് സ്‌പോട് ബുക്കിങ് സൗകര്യം ഒരുക്കുക.

മണ്ഡലകാല തീര്‍ഥാടന കാലത്ത് 30,000 പേര്‍ക്കാണ് ദര്‍ശനനുമതി. ആധാര്‍ കാര്‍ഡ്, 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ എന്നിവ കൈയില്‍ കരുതണം. നിലയ്ക്കലില്‍ ആര്‍ടി ലാംപ്, ആന്റിജന്‍ പരിശോധന സൗകര്യമുണ്ട്. ചെങ്ങന്നൂര്‍, കോട്ടയം, തിരുവല്ല റെയില്‍വേ സ്‌റ്റേഷനുകളിലും പ്രധാന ഇടത്താവളങ്ങളിലും ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള കിയോസ്‌കുകള്‍ ആരോഗ്യ വകുപ്പ് ഒരുക്കുന്നുണ്ട്. തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പ്രവേശനം നിലയ്ക്കല്‍ വരെ മാത്രം.

കളകാഭിഷേകം, പുഷ്പാഭിഷേകം അര്‍ച്ചന, ഗണപതിഹോമം, ഭഗവതിസേവ, ഉഷഃപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ തുടങ്ങിയ വഴിപാടുകള്‍ നടത്താന്‍ ഭക്തര്‍ക്ക് സൗകര്യം ഉണ്ടാകും. പുലര്‍ച്ചെ 5:30 മുതല്‍ ഉച്ചയ്ക്ക് 12വരെ നെയ്യാഭിഷേകം ഉണ്ടാകും. കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാല്‍ സാധാരണ രീതിയില്‍ നെയ്യാഭിഷേകം പറ്റില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.

അതേസമയം തീര്‍ഥാടകരെ പമ്പാ സ്‌നാനത്തിന് അനുവദിക്കുന്നതിന് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. രാത്രി സന്നിധാനത്തില്‍ വിരിവച്ചു വിശ്രമിക്കാന്‍ അനുവദിക്കില്ല. ഡോളി സൗകര്യം ഉണ്ടായിരിക്കുന്നത്. സന്നിധാനം, പമ്പ, ചരല്‍മേട്, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആശുപത്രി സൗകര്യം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed