കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്കു തന്നെ വിളിച്ചില്ലെന്ന് മുന്‍ മന്ത്രി കെ. ബാബു.

കൊച്ചി: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്കു സംസ്ഥാന സര്‍ക്കാരോ, കിയാല്‍ മാനേജ്‌മെന്റോ തന്നെ വിളിച്ചില്ലെന്ന് മുന്‍ മന്ത്രി കെ. ബാബു. അഞ്ചു വര്‍ഷക്കാലം ഈ പദ്ധതിയെ നയിച്ച തന്നെ ഒന്നു വിളിക്കുവാന്‍ പോലും ആരും തയാറായില്ലെന്ന് ബാബു സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു വിമാനത്താവളങ്ങളുടെ ചുമതല ബാബുവിനായിരുന്നു.

ആദ്യമായി മൂര്‍ഖന്‍ പറമ്പിലെത്തിയപ്പോള്‍ വലിയ കുന്നാണു കാണാന്‍ സാധിച്ചത്. കേന്ദ്രമന്ത്രിയായിരുന്ന വയലാര്‍ രവിയെ കണ്ടാണു സ്ഥലത്തെ അനുയോജ്യമാക്കിയതും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതും. പദ്ധതിയില്‍ സര്‍ക്കാരിന് 35% ഓഹരി വിഹിതം ഉറപ്പാക്കിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മറ്റൊരു നേട്ടമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിരന്തരമായ മാര്‍ഗനിര്‍ദേശങ്ങളും മേല്‍നോട്ടവുമാണു സ്വപ്‌ന പദ്ധതിയെ യാഥാര്‍ഥ്യത്തിലെത്തിച്ചത്.
ഭൂമി ഏറ്റെടുക്കല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, റണ്‍വേ നിര്‍മാണം, പാറപൊട്ടിക്കല്‍ എന്നിവയില്‍ അനാവശ്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സ്ഥലം എം എല്‍എയും ഇപ്പോഴത്തെ ഉല്‍സാഹ കമ്മറ്റിക്കാരും കാണിച്ച ‘ആത്മാര്‍ഥത’ ഓര്‍ക്കുന്നുണ്ടെന്നും ബാബു പ്രതികരിച്ചു. 2016ല്‍ റണ്‍വേയുടെ നിര്‍മാണം പരിപൂര്‍ണമായി പൂര്‍ത്തിയാക്കി പരീക്ഷണ പറക്കലും വിജയകരമായി നടത്തിയിരുന്നു. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ 90 ശതമാനം ജോലികളും നടന്നത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു കേവലം രണ്ട് വര്‍ഷം കൊണ്ടാണ്. എന്നാല്‍ ബാക്കി പത്ത് ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു വേണ്ടി വന്നത് രണ്ടര വര്‍ഷമാണ്. സര്‍ക്കാര്‍ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തിയ അലംഭാവവും അവധാനതയും താല്പര്യമില്ലായ്മയും ഇതില്‍ വ്യക്തമാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും ഇതെല്ലാം അറിയാമെങ്കിലും നേരിട്ട് ഒരു ഫോണ്‍ വിളിച്ചു ക്ഷണിക്കുവാനുള്ള സൗമനസ്യം കാണിക്കുവാന്‍ സര്‍ക്കാരോ കിയാല്‍ മാനേജ്‌മെന്റോ തുനിഞ്ഞില്ലെന്നത് അത്യന്തം ഖേദകരമാണ്. എങ്കിലും ഞാന്‍ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു- ബാബു വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *