ശബരിമലയില്‍ നിരോധനാജ്ഞ ബുധനാഴ്ച വരെ നീട്ടി

പത്തനംതിട്ട : ശബരിമലയില്‍ നിരോധനാജ്ഞ ബുധനാഴ്ച വരെ നീട്ടി. നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ടു ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മണ്ഡലകാലം അവസാനിക്കുന്ന ജനുവരി 14 വരെ നീട്ടണമെന്നായിരുന്നു ആവശ്യം. പമ്പ, സന്നിധാനം, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണു നിരോധനാജ്ഞ.
യുഡിഎഫ് എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പുണ്ടാക്കണമെന്നാവശ്യപ്പെട്ട് സമ്മര്‍ദം സര്‍ക്കാരിനുണ്ടെങ്കിലും സര്‍ക്കാര്‍ നിരോധനാജ്ഞ നീട്ടുകയായിരുന്നു.

യുവതീപ്രവേശത്തിനെതിരെയുളള സംഘടനകള്‍ മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരെയും വഴിയില്‍ തടയുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ മന്ത്രിമാരുടെ ശബരിമല സന്ദര്‍ശന വേളയില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിരോധനാജ്ഞ നീട്ടണമെന്നാണ് ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രധാനമായും പറഞ്ഞിരുന്നു.
പ്രതിഷേധക്കാരെ നിയന്ത്രിച്ചു ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്കു സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിരോധനാജ്ഞ നീട്ടുന്നതായാണ് ഇതിനു മുന്‍പ് പറഞ്ഞിരുന്നത് എന്നത് ശ്രദ്ധേയം.
അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഇവിടെ പ്രതിഷേധക്കാര്‍ ഏതുസമയത്തും നുഴഞ്ഞുകയറി അക്രമം നടത്താന്‍ സാധ്യതയുളളതിനാല്‍ ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്നു ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് 12ന് അര്‍ധരാത്രി വരെ നിരോധനാജ്ഞ നീട്ടിയത്. മകരവിളക്കു കഴിയും വരെ നിരോധനാജ്ഞ നീട്ടി കൊണ്ടുപോകാനാണു സര്‍ക്കാര്‍ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *