സര്‍ക്കാര്‍ കരാറുകള്‍ക്ക് കെ.എഫ്.സി.യുടെ അഞ്ച് പുതിയ പദ്ധതികള്‍

പൊതുമേഖലാ ധനകാര്യ സ്ഥാപനമായ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി) സര്‍ക്കാര്‍ കരാറുകള്‍ക്കായി അഞ്ചു പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു.

പെര്‍ഫോര്‍മന്‍സ് ഗ്യാരന്റ്, കരാര്‍ നടത്തിപ്പിനുള്ള ലോണ്‍, ബില്‍ ഡിസ്‌കൗണ്ടിംഗ്, ഗവണ്‍മെന്റ് ബില്‍ ഡിസ്‌കൗണ്ടിംഗ്, യന്ത്രസാമഗ്രികള്‍ വാങ്ങുന്നതിനുള്ള ലോണ്‍ എന്നിവയാണിത്. കരാറുകള്‍ ഏറ്റെടുക്കുന്ന തുകയുടെ 2.5% ഗ്യാരന്റി നല്‍കേണ്ടതായിട്ടുണ്ട്. പെര്‍ഫോമന്‍സ് ഗ്യാരന്റി എന്നറിയപ്പെടുന്ന ഇത് ധനവകുപ്പിന്റെ ഉത്തരവു പ്രകാരം ബാങ്കുകള്‍ക്ക് പുറമേ കെ.എഫ്.സി.ക്കും നല്‍കാനാകും. ഇതിനു ബാങ്കുകള്‍ 3% കമ്മീഷന്‍ ഈടാക്കുമ്പോള്‍ കെ.എഫ്.സി.യില്‍ കമ്മീഷന്‍ 2% മാത്രം. ഗ്യാരണ്ടി നല്‍കാന്‍ കെ.എഫ്.സി.യില്‍ ഡിപ്പോസിറ്റ് നല്‍കേണ്ടതുമില്ല. കരാര്‍ തുകയുടെ 80% വരെ വായ്പയായി നല്‍കും. ഇതില്‍ വായ്പയുടെ മൂന്നിലൊന്ന് കെ.എഫ്.സി മുന്‍കൂറായി നല്‍കുകയും ബാക്കി പണി പൂര്‍ത്തിയാക്കുന്നതിനനുസരിച്ച് അനുവദിക്കും. കരാറുകള്‍ സമര്‍പ്പിക്കുന്ന ബില്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പരിശോധിച്ച് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചാല്‍ ഏകദേശം ഒരു വര്‍ഷം കാത്തിരിക്കണം. ഇതിനു ഒരു പരിഹാരമായിട്ടാണ് കെ.എഫ്.സി ബില്‍ ഡിസ്‌കൗണ്ടിംഗ് പദ്ധതി ആവിഷ്‌കരിച്ചത്. ബില്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചാല്‍ ഉടന്‍ കെ.എഫ്.സി ബില്‍ തുകയുടെ 90% വരെ ഡിസ്‌കൗണ്ട് ചെയ്തുനല്കും. എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ സമ്മതപത്രം ഇതിനാവശ്യമാണ്.

ഉദാഹരണത്തിന് പത്ത് കോടി രൂപയുടെ കരാര്‍ പിടിച്ചാല്‍ കെ.എഫ്.സി 25 ലക്ഷം രൂപയുടെ ഗ്യാരണ്ടി 2 ശതമാനം വാര്‍ഷിക കമ്മീഷനില്‍ നല്‍കും. അഡീഷണല്‍ ഗ്യാരണ്ടി ആവശ്യത്തിന് നല്കും. കരാര്‍ തുകയുടെ 80 ശതമാനമായ 8 കോടി രൂപ വായ്പ അനുവദിക്കും. ആദ്യ ഗഡുവായ 2.6 കോടി രൂപ ആവശ്യമെങ്കില്‍ മുന്‍കൂറായി നല്കും. ബാക്കി തുക കരാറിന്റെ പുരോഗതി അനുസരിച്ച് നല്കും. കരാറുകാരന്‍ 5 കോടി രൂപയുടെ ഒരു ബില്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചാല്‍ 4.5 കോടി രൂപ കെ.എഫ്.സി ഉടന്‍ ഡിസ്‌കൗണ്ട് ചെയ്ത് അനുവദിക്കും. കെ.എഫ്.സി.യില്‍ നിന്നും വായ്പ എടുത്ത കരാറുകാര്‍ക്ക് ഈ തുക മുന്‍ വായ്പയില്‍ വരവുവയ്ക്കും. പുതിയ കരാറുകാര്‍ക്ക് അവരവരുടെ ബാങ്കില്‍ നിന്നും സമ്മതപത്രം ലഭിച്ചാല്‍ കരാറുകാരുടെ അക്കൗണ്ടില്‍ നല്കും.

പലിശ തുക മുന്‍കൂറായി പിടിച്ചായിരിക്കും ഫണ്ട് കൊടുക്കുക എന്നതിനാല്‍ പ്രസ്തുത വായ്പയ്ക്ക് ഒരു വര്‍ഷത്തേക്ക് പലിശ അടയ്‌ക്കേണ്ടി വരില്ല എന്ന പ്രത്യേകതയും ഉണ്ട്.

കരാറുകാര്‍ ബില്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ചാല്‍ ഏകദേശം ഒരു വര്‍ഷം വരെ എടുക്കും പാസായി വരാന്‍. ബില്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പാസാക്കിയാല്‍ കരാറുകാര്‍ക്ക്, പ്രോമിസറിനോട്ട് നല്കും. ഈ പ്രോമിസറിനോട്ട് ഉപയോഗിച്ച് സര്‍ക്കാരിന്റെ ബില്‍ ഡിസ്‌കൗണ്ടിംഗ് സംവിധാനം വഴി കെ.എഫ്.സി.യില്‍ നിന്നും 100 ശതമാനം തുകയും ലഭിക്കും. സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഡിസ്‌കൗണ്ട് ചെയ്താല്‍, തുടര്‍ന്ന് ഉണ്ടാകുന്ന പലിശയില്‍ 5 ശതമാനം സര്‍ക്കാര്‍ നല്കും. കെ.എഫ്.സി.ക്ക് 4.5 ശതമാനം പലിശ കരാറുകള്‍ നല്കിയാല്‍ മതി.

കരാറുകള്‍ക്ക് യന്ത്രസാമഗ്രകള്‍ വാങ്ങാനുള്ള പദ്ധിയും കെ.എഫ്.സി.യില്‍ ഉണ്ട്. കമ്പനികള്‍ക്ക് 20 കോടി രൂപയും വ്യക്തികള്‍ക്ക് 8 കോടി രൂപയുമാണ് പരമാവധി വായ്പ. കരാര്‍ വായ്പകള്‍ കാലതാമസമില്ലാതെ അനുവദിക്കേണ്ടതിനാല്‍ കെ.എഫ്.സി.യുടെ മേഖലാ ഓഫീസുകളിലും, ഹെഡ് ഓഫീസുകളിലും പ്രത്യേക സെല്ലുകള്‍ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *