ഇരുപത് വര്‍ഷത്തിന് ശേഷം തറവാട്ടിലേക്ക് മടങ്ങി പോവുകയാണ്: ചെറിയാന്‍ ഫിലിപ്പ്.

തിരുവനന്തപുരം: അഭയകേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിലും നല്ലത് തറവാട്ടില്‍ കിടന്ന് മരിക്കുന്നതാണെന്ന് ചെറിയാന്‍ ഫിലിപ്പ്.

ഇരുപത് വര്‍ഷത്തിന് ശേഷം തറവാട്ടിലേക്ക് മടങ്ങി പോവുകയാണ്. തന്റെ അധ്വാനത്തിന്റെ നിക്ഷേപം മുഴുവന്‍ കോണ്‍ഗ്രസിലാണെന്നും അതിനാല്‍ മടങ്ങി പോകുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ചെറിയാന്‍ ഫിലിപ്പ് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഔദ്യോഗികമായി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. രാഷ്ട്രീയ ഗുരു എകെ ആന്റണിയില്‍ നിന്നും അനുഗ്രഹം തേടി. ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമാണ് കോണ്‍ഗ്രസ്. നാട്ടുരാജ്യങ്ങളായ ഇന്ത്യയെ രാഷ്ട്രമായി രൂപാന്തരപ്പെടുത്തുന്നതില്‍ ഗാന്ധിജിയുടേയും നെഹ്‌റുവിന്റെയും പങ്കുണ്ട്. ഇന്ത്യന്‍ ദേശീയതയെ വര്‍ഗീയതമായി രൂപാന്തരപ്പെടുത്തുകയും വര്‍ഗീയതയും ഏകാധിപത്യവും കൊടികുത്തി വാഴുമ്‌ബോള്‍ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടാന്‍ ജനാധിപത്യത്തിന് മാത്രമെ കഴിയുകയുള്ളു.

കോണ്‍ഗ്രസ്സില്‍ നില്‍ക്കുമ്പോള്‍ സ്വതന്ത്ര അഭിപ്രായത്തിന് സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ സിപിഎമ്മില്‍ മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയായി മാറി. അധികാര സ്ഥാനം ലക്ഷ്യമാക്കിയല്ല കോണ്‍ഗ്രസ്സില്‍ പോകുന്നത്. രാഷ്ട്രീയ വ്യക്തിത്വത്തിന് വേണ്ടിയാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

‘ഒരുവീട്ടില്‍ ഒരു ചെടിവളരും, എന്നാല്‍ അതിനെ മറ്റൊരു കാലാവസ്ഥയില്‍ മറ്റൊരു വീട്ടില്‍ കൊണ്ടുവെച്ചാല്‍ അത് വളരില്ല. മുരടിച്ച് പോകും. കാരണം വേരുകള്‍ അപ്പുറത്താണ്.’

കേരളത്തിനും ഐക്യകേരളം എന്ന സങ്കല്‍പ്പമുണ്ടായത് കോണ്‍ഗ്രസ് രൂപീകരണത്തിന് ശേഷമാണ്. രാജ്യത്തെ ഒന്നാക്കി കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് നിലനില്‍ക്കണം. കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കും. ഇന്ത്യ ജീവിക്കണമെങ്കില്‍ കോണ്‍ഗ്രസ് ജീവിക്കണം. കോണ്‍ഗ്രസ് ഭരണത്തിലെത്തണം. അതിനാലാണ് ജീവിതത്തിന്റെ സായാഹ്നത്തില്‍ കോണ്‍ഗ്രസിനെ കെട്ടിപടുക്കാന്‍ ഒപ്പം ചേരുന്നത്.

45 വര്‍ഷക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. കെഎസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റേയും മുന്നേറ്റത്തില്‍ ചോരയും വിയര്‍പ്പും ചൊരിഞ്ഞു. തന്റെ യവ്വൗന ഊര്‍ജ്ജം മുഴുവന്‍ കോണ്‍ഗ്രസില്‍ ചൊരിഞ്ഞു. അധ്വാനത്തിന്റെ നിക്ഷേപം മുഴുവന്‍ കോണ്‍ഗ്രസിലാണ്. അതൊരു സ്ഥിരം നിക്ഷേപമാണ്. തനിക്ക് മടങ്ങിപോകാന്‍ ഒരു പ്രശ്‌നവുമില്ല. തന്റെ അധ്വാനം അവിടെയുണ്ട്. കോണ്‍ഗ്രസില്‍ ഒരു പോരാളിയായിരുന്നു. അതൊന്നും തനിക്ക് വേണ്ടിയല്ല. താന്‍ യൂത്ത് കോണ്‍ഗ്രസിലായിരുന്ന സമയത്ത് അധികാര കുത്തക ഉയര്‍ന്നുവന്നു. സ്ഥിരമായി ഒരേ എംഎല്‍എമാര്‍, അധികാര സ്ഥാനങ്ങളില്‍ അത് പാടില്ലായെന്ന് പറഞ്ഞു.

പത്ത് വര്‍ഷം കഴിഞ്ഞ എംഎല്‍എമാര്‍ക്ക് വീണ്ടും സീറ്റ് കൊടുക്കരുതെന്ന് പറഞ്ഞു. എന്നാല്‍ അത് തിരസ്‌കരിച്ച് എല്ലാ എംഎല്‍എമാര്‍ക്കും സീറ്റ് കൊടുത്തു. അതില്‍ ക്ഷുഭിതനായി കോണ്‍ഗ്രസ് വിട്ടു. തന്നെ ആരും പുറത്താക്കിയില്ല. എന്നാല്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്‌ബോള്‍ അന്ന് താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പിലാക്കിയിരിക്കുന്നു. താന്‍ പറഞ്ഞതാണ് ശരിയെന്ന് ചരിത്രം തെളിയിച്ചിരിക്കുന്നു. അത് തിരിച്ചുപോക്കിന് സഹായകരമായ അന്തരീക്ഷമുണ്ടാക്കി തന്നു.

അമ്പത് വര്‍ഷത്തെ ചരിത്രം എഴുതാതിരുന്നത് പാര്‍ട്ടി ശത്രു ആകും എന്ന് ഭയന്ന്. അധികാര സ്ഥാനം ലക്ഷ്യമാക്കിയല്ല കോണ്‍ഗ്രസ്സില്‍ പോകുന്നത്. താന്‍ നിഷേധിച്ചതിന് ശേഷമാണ് കെടിഡിസി ചെയര്‍മാന്‍ പദവി വിജയകുമാറിന് നല്‍കിയത്. ഇപ്പോള്‍ സിപിഎമ്മില്‍ പോകുന്ന വര്‍ അനുഭവിച്ച് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *