സന്നിധാനം മുന്‍കൊല്ലങ്ങളിലേതുപോലെ തീര്‍ഥാടക തിരക്കില്‍

ശബരിമല: ശബരിമല സന്നിധാനം മുന്‍കൊല്ലങ്ങളിലേതുപോലെ തീര്‍ഥാടക തിരക്കിലേക്ക്. നിയന്ത്രങ്ങളും നിരോധനാജ്ഞയും നിലവിലുണ്ടെങ്കിലും വ്യാഴാഴ്ച വൈകിട്ട് 5 മണി വരെയുളള പൊലീസിന്റെ കണക്കനുസരിച്ച് 60,500 തീര്‍ഥാടകര്‍ അയ്യപ്പ ദര്‍ശനം നടത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനു നടതുറന്നപ്പോള്‍ മുതല്‍ തീര്‍ഥാടകരുടെ പ്രവാഹമാണ്. നീണ്ട ക്യു ഇല്ലെങ്കിലും ധാരമുറിയാതെ അയ്യപ്പന്മാര്‍ എത്തുന്നുണ്ട്. പതിനെട്ടാംപടി കയറാന്‍ വൈകിട്ട് 3ന് നടതുറന്നപ്പോള്‍ ക്യു ഉണ്ടായിരുന്നു.

സോപാനത്തു ദര്‍ശനത്തിനു ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച പിന്‍വലിച്ചിരുന്നു. അതിനാല്‍ അയ്യപ്പന്മാര്‍ക്കു സോപാനത്തില്‍ കയറി തൊഴുന്നതിനു തടസമില്ലായിരുന്നു. പതിനെട്ടാംപടി കയറാന്‍ എത്തിയ പ്രായമായവരെയും കുട്ടികളെയും പൊലീസ് സഹായിച്ചു. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളില്‍ മല കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും തിരക്കുണ്ടായിരുന്നു. പമ്പാ ഗണപതികോവിലിലും പരിസരത്തുമായി ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക സുരക്ഷയും പിന്‍വലിച്ചു. 13 സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ ഉണ്ടായിരുന്ന പമ്പയില്‍ 11 പേരും, 7 ഡബ്ല്യുപിസികള്‍ ഉണ്ടായിരുന്നിടത്ത് 5 പേരായും കുറച്ചു. സംഘത്തെ തിരികെ ബാരക്കിലേയ്ക്കു മടക്കി. ഓരോ പോസ്റ്റിലുമുള്ള എഎസ്‌ഐ, എസ്‌ഐ, സിഐ എന്നിവര്‍ പഴയ പോലെ തുടരും

Leave a Reply

Your email address will not be published. Required fields are marked *