ഇടതുപക്ഷം ഭരിക്കുമ്പോള്‍ കേരളത്തില്‍ ഒരു പദ്ധതിയും പാടില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്: കോടിയേരി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കിയാണ് കഴിഞ്ഞ തവണ മുന്നേറിയതെന്നും ഇത് തടയാനാണ് വികസന പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ ശ്രമിക്കുന്നതെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം ഭരിക്കുമ്‌ബോള്‍ സംസ്ഥാനത്ത് ഒരു പദ്ധതിയും പാടില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആവിഷ്‌കരിച്ചതാണ് സില്‍വര്‍ ലൈന്‍ പദ്ധതി. അന്ന് നല്ല പദ്ധതി വരട്ടെ എന്ന നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. എന്നാല്‍, അവരത് ചെയ്തില്ല. തുടര്‍ന്ന്, എല്‍ഡിഎഫ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. സ്വന്തം പദ്ധതിയെ ഇപ്പോള്‍ എതിര്‍ക്കുന്നതിന്റെ യുക്തി എന്തെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ഇപ്പോള്‍ ഞങ്ങളല്ല ഭരിക്കുന്നത്, അതിനാല്‍ പദ്ധതി വേണ്ട എന്നാണ് നിലപാട്. നേരത്തേ കേന്ദ്ര റെയില്‍വേ മന്ത്രി പദ്ധതിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇപ്പോള്‍ നിലപാട് മാറ്റി. പദ്ധതി കേരളത്തില്‍ വേണ്ട എന്ന ബിജെപിയുടെ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണത്.

സംസ്ഥാനത്ത് പ്രഖ്യാപിച്ച പദ്ധതികള്‍പോലും നടപ്പാക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. അഹമ്മദാബാദ്മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കി. എന്നാല്‍, കേരളത്തിന് അനുമതിയില്ല. ഇത് കേരളത്തോട് കാണിക്കുന്ന വിവേചനത്തിന്റെ തെളിവാണ്.

പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവരെ ഇളക്കിവിട്ട് പ്രശ്‌നമുണ്ടാക്കാനാണ് ശ്രമം. സ്ഥലം ഉടമകളുടെ എല്ലാ പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിഹരിക്കും. അക്കാര്യത്തില്‍ ഒരാശങ്കയും വേണ്ട. ഗതാഗതക്കുരുക്കില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതിയാണ് ഏറ്റെടുത്തിട്ടുള്ളത്. അതിനെ തകര്‍ക്കുന്ന കോണ്‍ഗ്രസ് ബിജെപി നീക്കം ജനം തിരിച്ചറിയണം. പദ്ധതികള്‍ വേഗത്തിലാക്കാന്‍ ജീവനക്കാരുടെ പിന്തുണ അനിവാര്യമാണെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed