കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ 2022 മേയില്‍ പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ 2022 മേയില്‍ പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന്‌ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.

കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  മന്ത്രി വിലയിരുത്തി. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേയുടെ 73 ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

തലസ്ഥാന നഗരത്തിലെ പ്രധാന പദ്ധതിയായാണ് പൊതുമരാമത്ത് വകുപ്പ് ഈ എലിവേറ്റഡ് ഹൈവേയേ കാണുന്നുതെന്നും സമയബന്ധിതമായി പദ്ധതി പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ ഇവിടെ എത്തുകയും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ത്ത് ഒരു സമയപരിധി നിശ്ചയിക്കുകയും അതിനനുസരിച്ച് പ്രവൃത്തികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. എല്ലാ മാസവും യോഗം നടത്തണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായം എന്‍.എച്ച്.എ.ഐ പരിഗണിച്ചിട്ടുണ്ട്. എന്‍.എച്ച്.എ.ഐയുടെ റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ കൃത്യമസയത്ത് പൂര്‍ത്തിയാക്കാന്‍ തന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിയെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴക്കൂട്ടം മുതല്‍ 2.71 കിലേമീറ്ററിലാണ് എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണം നടക്കുന്നത്. നിലവില്‍ 1.6 കിലോമീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായി. കഴക്കൂട്ടം മുതല്‍ മിഷന്‍ ഹോസ്പിറ്റല്‍ വരെയുള്ള ഭാഗത്തെ പിയര്‍ ക്യാപ്പുകളും ഗര്‍ഡറുകളും സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. 200 കോടി രൂപയോളം ചെലവിട്ട് നിര്‍മിക്കുന്ന പദ്ധതിയില്‍ മൂന്ന് അണ്ടര്‍ പാസുകളുമുണ്ട്. 250 ഓളം തൊഴിലാളികളാണ് നിലവില്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

നിര്‍മാണ പുരോഗതി വിലയിരുത്തിയ ശേഷം മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗവും ചേര്‍ന്നു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, പി.ഡബ്ല്യു.ഡി സെക്രട്ടറി ആനന്ദ് സിംഗ്, എന്‍.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടര്‍ പ്രദീപ്, അഥോറിറ്റി എന്‍ജിനിയര്‍ ( ടി.എല്‍ ) വി.കെ ഉപാധ്യായ, ആര്‍.ഡി.എസ് പ്രോജക്ടിന്റെ വൈസ് പ്രസിഡന്റ് കേണല്‍ എം.ആര്‍ രവീന്ദ്രന്‍ നായര്‍, പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയര്‍ അശോക് കുമാര്‍, ടെക്‌നോപാര്‍ക്ക് ജി.എം പ്രവീണ്‍, കൗണ്‍സിലര്‍മാരായ കവിത, മേടയില്‍ വിക്രമന്‍, നാജ ബി, ശ്രീദേവി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

എലിവേറ്റഡ് ഹൈവേ മുക്കുവാലയ്ക്കല്‍ വരെ നീട്ടുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may missed