പനി പിടിയില്‍ അനന്തപുരി

തിരുവനന്തപുരം: പകര്‍ച്ചപ്പനിയും ഡെങ്കിയും എലിപ്പനിയും പിടിമുറുക്കിയതോടെ തലസ്ഥാനം പനിക്കിടക്കയിലായി. 3652 പേര്‍ കഴിഞ്ഞ 4 ദിവസത്തിനിടെ തലസ്ഥാനത്ത് പനി ചികിത്സ തേടി. ഇതില്‍ 104 പേരെ കിടത്തി ചികിത്സക്കു വിധേയരാക്കി. പനി ചികിത്സ തേടിയവരില്‍ ഭൂരിഭാഗവും കോര്‍പറേഷന്‍ പരിധിയിലെ വാര്‍ഡുകളില്‍ നിന്നുളളവരാണ്. തുടര്‍ച്ചയായ മഴയും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ശുചീകരണത്തിലെ പാളിച്ചകളുമാണു പനി പടര്‍ന്നു പിടിക്കാന്‍ കാരണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

കഴിഞ്ഞ മാസം 31 വരെ ഡങ്കിപ്പനി ബാധിച്ച് 280 പേര്‍ തലസ്ഥാനത്ത് ചികിത്സ തേടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഇതില്‍ 2 പേര്‍ മരിച്ചു. 24 പേര്‍ക്ക് ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചു. 60 പേര്‍ക്ക് മലേറിയയും ബാധിച്ചതായി കണ്ടെത്തി. എലിപ്പനി സ്ഥിരീകരിച്ച 250 പേരില്‍ 13 പേര്‍ മരണത്തിന് കീഴടങ്ങി.
ഈ മാസം ആരംഭിച്ച ശേഷം ഏറ്റവും പേര്‍ ചികിത്സ തേടിയെത്തിയതു നാലിനാണ്. 1198 പേര്‍ ചികിത്സക്കെത്തിവരില്‍ 36 പേരെ കിടത്തിച്ചികിത്സക്കു വിധേയരാക്കി. ശനിയാഴ്ച 982 പേര്‍ ചികിത്സ തേടിയതില്‍ 26 പേരെ ഐപിയില്‍ പ്രവേശിപ്പിച്ചു. 407 പേരാണു ഞായറാഴ്ച ചികിത്സ തേടിയത്. മൂന്നിനു വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയ 1065 പേരില്‍ 34 പേരെ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു. 9 പേര്‍ക്ക് ഇതുവരെ ഡങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
വേളി, പൂന്തുറ, ചെട്ടിവിളാകം, വിളപ്പില്‍, കരമന, പള്ളിച്ചല്‍ എന്നിവിടങ്ങളില്‍ നിന്നാണു കൂടുതലും പനി റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്

Leave a Reply

Your email address will not be published. Required fields are marked *