ഉത്ര കൊലക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരന്‍; ശിക്ഷാവിധി 13ന്

കൊല്ലം: കേരള മന:സാക്ഷിയെ ഞെട്ടിച്ച ഉത്ര കൊലക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാവിധി 13ന്.

കേരളം ഉറ്റുനോക്കിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് ആണ് വിധി പ്രസ്താവിച്ചത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി പ്രഖ്യാപനം.

ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിന് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം ഇന്നും പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു.

വിചിത്രവും പൈശാചികവും ദാരുണവും അപൂര്‍വങ്ങളില്‍ അപൂര്‍വവുമായി കേസെന്നാണ് പ്രോസിക്യൂഷന്‍ ഇന്നു കോടതിയെ അറിയിച്ചത്.

എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു സൂരജിന്റെ മറുപടി. പരമാവധി ശിക്ഷ വേണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. കൊലപാതകം (302), കൊലപാതകശ്രമം (307), മൃഗങ്ങളെ ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ (325) എന്നിവയാണ് സൂരജില്‍ ചുമത്തിയ കുറ്റങ്ങള്‍.

കേരളത്തിലെ കുറ്റാന്വേഷണ ചരിത്രത്തിലെ വളരെ ഏറെ ശ്രദ്ധ നേടിയ കേസാണ് ഉത്ര വധക്കേസ്. കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വര്‍ഷവും 5 മാസവും 4 ദിവസവും പൂര്‍ത്തിയാവുമ്പോഴാണ് വിധി പറയുന്നത്.

87 സാക്ഷികള്‍, 288 രേഖകള്‍, 40 തൊണ്ടിമുതലുകള്‍. ഇത്രയുമാണ് കോടതിക്ക് മുന്നില്‍ അന്വേഷണസംഘം ഹാജരാക്കിയത്. റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലാക്കിയ ശേഷമാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് വിധി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *