കേന്ദ്രത്തിനെതിരെ വന്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍

ന്യൂ ഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. ലഖിംപൂര്‍ ഖേരിയില്‍ വാഹനമിടിച്ച്‌ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ഒക്ടോബര്‍ 15 ന് രാജ്യത്താകമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. ഒക്ടോബര്‍ 18ന്​ രാജ്യവ്യാപകമായി ട്രെയിന്‍ തടയും. ഒക്​ടോബര്‍ 26ന് ലക്‌നൗവില്‍ മഹാപഞ്ചായത്ത്‌ നടത്തുമെന്നും അവര്‍ അറിയിച്ചു. കേന്ദ്ര മന്ത്രി അജയ് മിശ്രയയെ മന്ത്രിസഭയില്‍ നിന്ന് നീക്കണം എന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയുടെ അറസ്റ്റ് ഉടന്‍ രേഖപെടുത്തണമെന്നും അവര്‍ ആവശ്യപെടുന്നു.

ഒക്ടോബര്‍ 12 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷകര്‍ ലഖിംപൂരിലെത്തും. പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രാജ്യം ഒട്ടാകെ മെഴുകുതിരി തെളിയിക്കാനും അവര്‍ ആഹ്വനം ചെയ്തു. മരിച്ച കര്‍ഷകരുടെ ചിതാഭസ്മം വിവിധ സംസ്ഥാനങ്ങളിലായി നിമജ്ജനം ചെയ്യുമെന്നും അവര്‍ അറിയിച്ചു.

അതിനിടെ ലഖിംപുര്‍ സംഭവത്തില്‍ രാജ്യതലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ലഖിംപുര്‍ സംഭവത്തില്‍ ആശിഷ് മിശ്രയുടെ അറസ്റ്റ് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനം കയറ്റിക്കൊന്ന കേസില്‍ കേന്ദ്ര മന്ത്രിയുടെ മകനെ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം.

പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പ്ലക്കാര്‍ഡുകളും പിടിച്ച്‌ മുദ്രാവക്യം വിളിച്ച നിരവധി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. പ്രവര്‍ത്തകര്‍ ആശിഷ് മിശ്രയുടെ കോലവും കത്തിച്ചു. ലഖിംപൂര്‍ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കുറ്റവാളികള്‍ സ്വതന്ത്രരായി കഴിയുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *