ശബരിമലയില്‍ തിരക്കേറുന്നു; കെ.എസ്.ആര്‍.ടി.സി വരുമാനം ഉയര്‍ന്നു

പത്തനംതിട്ട: ശബരിമലയില്‍ തിരക്കേറുന്നു. തീർത്ഥാടക‌ർ കൂടിയതോടെ ശബരിമലയിൽ നിന്നുള്ള കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധന. 48 ലക്ഷം രൂപയാണ് തിങ്കളാഴ്ച മാത്രം കെഎസ്ആർടിസിയുടെ വരുമാനം. ഈ മണ്ഡലകാലത്തെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വരുമാനമാണിത്. നിലയ്ക്കലിൽ നിന്ന് പന്പയിലേക്കും തിരിച്ചുമുള്ള തീർത്ഥാടകരുടെ യാത്ര ഈ സീസൺ മുതൽ കെഎസ്ആ‍ർടിസി ബസിലൂടെ മാത്രമാക്കിയതാണ് വരുമാനം ഉയർത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച 79,000 പേരാണ് സന്നിധാനത്തെത്തിയത്.

ഇതിൽ കാൽ നടയായി എത്തിയർ ഒഴിച്ചാൽ ബാക്കിയുള്ളവരെല്ലാം വന്നത് കെഎസ്ആർടിസി ബസ് കയറി. 56,576 തീർത്ഥാടകരാണ് നിലയ്ക്കൽ നിന്നുള്ള ഷട്ടിൽ സ‍ർവീസിലൂടെ പന്പയിലെത്തിയത്. 42 ലക്ഷത്തോളം രൂപ നിലയ്ക്കലിൽ നിന്നും എട്ട് ലക്ഷം ദീർഘദൂര സർവീസുകളിൽ നിന്നും തിങ്കളാഴ്ച കെഎസ്ആർടിസിയ്ക്ക് ലഭിച്ചു.  കഴിഞ്ഞ ഞായറാഴ്ച വരെ ശരാശരി 700 സർവീസുകൾ മാത്രമാണ് നിലയ്ക്കലിൽ നിന്ന് പന്പയിലേക്ക് നടത്തിയിരുന്നത്.

തിരക്ക് കൂടിയതോടെ സർവീസ് നടത്തുന്ന ബസുകളുടെ എണ്ണവും കൂട്ടി. 120 സാധാരണ ബസുകളും 30 എസി ബസുകളും അഞ്ച് ഇലക്ട്രിക് ബസുകളുമാണ് നിലയ്ക്കലിൽ നിന്ന് സർവീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *