സിനിമ തിയറ്ററുകള്‍ ഒക്‌ടോബര്‍ 25 മുതല്‍ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കുന്നു. ഈ മാസം 25 മുതല്‍ തീയേറ്ററുകള്‍ തുറക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കേ പ്രവേശനം അനുവദിക്കൂ.

തീയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനുള്ള മാര്‍ഗരേഖ തയ്യാറാക്കും. ചലച്ചിത്ര മേഖലയില്‍നിന്നുള്ളവരുടെ തുടര്‍ച്ചയായ ആവശ്യവും സമ്മര്‍ദ്ദവും പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. അന്‍പതു ശതമാനം സീറ്റുകള്‍ മാത്രം ഉപയോഗിച്ചു കൊണ്ടുള്ള പ്രദര്‍ശനത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എ.സി. അടക്കം പ്രവര്‍ത്തിപ്പിക്കാം.

കോളേജുകളിലും രണ്ട് ഡോസ് വാക്‌സിനെടുത്ത ജീവനക്കാര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ വച്ച്‌ ഒക്‌ടോബര്‍ 18 മുതല്‍ ക്ളാസാരംഭിക്കും.

മരണാനന്തര ചടങ്ങുകളിലും കല്യാണങ്ങളിലും 50 പേരെ വരെ അനുവദിക്കും. 50 പേരെ ഉള്‍പ്പെടുത്തി ശാരീരിക അകലം പാലിച്ച്‌ നവംബര്‍ ഒന്നുമുതല്‍ ഗ്രാമസഭകളും അനുവദിക്കും. കുട്ടികള്‍ക്കിടയില്‍ നടത്തിയ സെറോ പ്രിവലന്‍സ് സര്‍വേ പൂര്‍ത്തിയായി. സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖയും ഉടന്‍ പുറത്തിറക്കും. കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *