സ്കൂള്‍ തുറക്കുന്നതിനുള്ള അന്തിമ മാര്‍ഗരേഖ ഒക്ടോബര്‍ അഞ്ചിനുള്ളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള അന്തിമ മാര്‍ഗരേഖയുടെ കാര്യത്തില്‍ ധാരണയായിട്ടുണ്ടെന്നു മന്ത്രി വി ശിവന്‍കുട്ടി.

സ്കൂള്‍ തുറക്കുന്നതിന് വിവിധ തലങ്ങളിലെ ചര്‍ച്ചകളിലൂടെ വിശദമായ മാര്‍ഗരേഖ തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ആരോഗ്യ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിരുന്നു.ഷിഫ്റ്റ് സംവിധാനം അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ അധ്യാപക വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തിയശേഷം അടുത്ത മാസം അഞ്ചിനുള്ളില്‍ മാര്‍ഗരേഖ പ്രസിദ്ധീകരിക്കും.

സ്കൂള്‍ തുറക്കലില്‍ വിദ്യാഭ്യാസ വകുപ്പ് ഗതാഗത വകുപ്പുമായി ചൊവ്വാഴ്ച വൈകിട്ട് ചര്‍ച്ച നടത്തും. എല്ലാ മേഖലകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. സ്കൂളുകളിലേക്ക് മാത്രമുള്ള കെഎസ്‌ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തിലും യോഗത്തില്‍ തീരുമാനമുണ്ടാകും. ഒന്നരവര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന സ്കൂള്‍ ബസ്സുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികളും യോഗത്തില്‍ ഉണ്ടാകും.

ക്ലാസുകള്‍ രാവിലെ 10 മുതല്‍ മൂന്നു മണിക്കൂര്‍ ആയിരിക്കുമെന്നാണ് സൂചന. ഒന്നിടവിട്ട ദിവസങ്ങളില്‍ 50 ശതമാനം കുട്ടികളെ ഉള്‍ക്കൊള്ളിച്ച്‌ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുന്നതാണ് സജീവ പരിഗണനയിലുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *